‘കാവല്‍ക്കാരന്‍ കള്ളനല്ല, ശുദ്ധന്‍’: എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും; രാഹുല്‍ഗാന്ധിയുടെ വിമര്‍ശനങ്ങളെ തള്ളി രാജ് നാഥ് സിങ്

മൊറാദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രംഗത്ത്.

കാവല്‍ക്കാരന്‍ കള്ളനല്ലെന്നും ശുദ്ധനാണെന്നും ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തെത്തിയാല്‍ രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും അദ്ദേഹം പരിഹാരം കാണുമെന്നും രാജ്നാഥ് പറഞ്ഞു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കടന്നാക്രമിക്കാന്‍ ഉപയോഗിക്കുന്ന കാവല്‍ക്കാരന്‍ കള്ളനാണെന്ന പ്രയോഗത്തിന് മറുപടിയുമായാണ് രാജ്നാഥ് രംഗത്തെത്തിയത്

പ്രധാനമന്ത്രി സ്ഥാനത്തിരുന്ന കഴിഞ്ഞ നാലര വര്‍ഷക്കാലവും രാജ്യത്തെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് പ്രധാനമന്ത്രി പ്രവര്‍ത്തിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഓരോന്നായി എടുത്തുപറഞ്ഞാണ് രാജ്നാഥ് ഇക്കാര്യം അവകാശപ്പെട്ടത്. റഫാല്‍ ഇടപാടില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെ പ്രതിരോധിച്ച് രാജ്നാഥ് സിങ് കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്ക് ഭാര്യയും മക്കളുമില്ലെന്നും അദ്ദേഹം ആര്‍ക്കുവേണ്ടി അഴിമതി കാട്ടണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

അതിനിടെ, ഉത്തര്‍പ്രദേശില്‍ സഹോദരി പ്രിയങ്കഗാന്ധിക്കൊപ്പം നടത്തിയ റോഡ്ഷോയ്ക്കിടെയും കാവല്‍ക്കാരന്‍ കള്ളനാണെന്ന ആരോപണം രാഹുല്‍ഗാന്ധി പലതവണ ഉന്നയിച്ചു. രാജ്യതലസ്ഥാനത്ത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തിയ നിരാഹാര സമര വേദിയിലും ഈ ആരോപണം ഉന്നയിച്ചാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

Exit mobile version