താനും തന്റെ ഭരണവും മോശമാണെങ്കില്‍ പിന്നെ എന്തിനാണ് മഹാസഖ്യം; കുടുംബാധിപത്യമാണ് ഇവരുടെയൊക്കെ ലക്ഷ്യമെന്നും പ്രധാനമന്ത്രി മോഡി!

തിരുപ്പൂര്‍: താനും മോശമാണ്, തന്റെ ഭരണവും മോശമാണെങ്കില്‍ പിന്നെന്തിനാണ് തനിക്കെതിരെ മഹാസഖ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിരുപ്പൂരില്‍ ബിജെപിയുടെ മഹാറാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്നോടുള്ള എതിര്‍പ്പു മാത്രമാണീ സഖ്യം. എന്തിനാണു തന്റെ നേരെ മാത്രം അവര്‍ തോക്കു ചൂണ്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ രൂപീകരിച്ച മുന്നണിയുടെ അജന്‍ഡയും പരിപാടിയും എന്താണ്? ഇതു പണക്കാരുടെ കൂട്ടുകെട്ടാണ്. കുടുംബാധിപത്യമാണ് ഇവരുടെ ലക്ഷ്യം. ഏതു ചോദ്യത്തിനും ഉള്ള ഉത്തരം മോഡി എന്നു മാത്രമാണ്. കുറച്ചു നേതാക്കള്‍ ടെലിവിഷനില്‍ നിറഞ്ഞേക്കാം. പക്ഷേ, ജനങ്ങളുടെ മനസ്സില്‍ നിങ്ങളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാനവിഭാഗക്കാരെക്കുറിച്ച് എതിരാളികള്‍ക്കു ചിന്തയില്ല. കര്‍ഷകരെല്ലാം എന്നും ദരിദ്രരായി കഴിയണമെന്നാണ് അവരുടെ താത്പര്യം. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ പേരെടുത്തു പറയാതെ ‘ റീ കൗണ്ടിങ് മിനിസ്റ്റര്‍ ‘ എന്നു വിളിച്ച് മോഡി കളിയാക്കി. എല്ലാ കാര്യങ്ങളും തനിക്ക് അറിയാമെന്നാണ് അദ്ദേഹത്തിന്റെ ഭാവം. ഫാമിലി പാക്ക് ഐസ് ക്രീം, മൊബൈല്‍ റീ ചാര്‍ജ് എന്നു വിളിക്കുന്നതുപോലെ കേസുകളില്‍ നിന്നു ഫാമിലി പാക്ക് ജാമ്യമെടുക്കാന്‍ ചിലര്‍ ഓടിനടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

Exit mobile version