ആദായ നികുതി പരിധി അഞ്ചു ലക്ഷമായി ഉയര്‍ത്തി; ‘മോഡി, മോഡി’ ആര്‍പ്പുവിളിച്ച് ഭരണപക്ഷം! ‘ഇതിനി ഞങ്ങളുടെ തലയിലാവുമോ’ നിരാശപ്പെട്ട് രാഹുല്‍; ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍

രാഹുല്‍ ഗാന്ധിയുടെ പ്രതികരണം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നു.

ന്യൂഡല്‍ഹി: ആദായ നികുതി പരിധി അഞ്ചുലക്ഷമായി ഉയര്‍ത്തിയ കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിനിടയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നു. ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുഞ്ചിരിയോടെ കൈയ്യടിക്കുകയും ഭരണപക്ഷം ‘മോഡി, മോഡി’ എന്ന് ആര്‍പ്പു വിളിക്കുകയും ചെയ്തു. എന്നാല്‍, രാഹുലിന്റെ മുഖത്ത് നിരാശാഭാവമായിരുന്നു.

അഞ്ചുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി അടയ്ക്കേണ്ടയെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രഖ്യാപനം. അടുത്തവര്‍ഷം മുതലാണ് ഇത് പ്രാബല്യത്തില്‍ വരികയെന്നും ഗോയല്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലിന്റെ നിരാശാഭാവം ‘ഇത് തങ്ങളുടെ തലയിലാവുമോ’യെന്ന ആശങ്കയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാ സാധാരണക്കാരനും ‘അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന’ പദ്ധതി ആരംഭിക്കുമെന്ന് രാഹുല്‍ ഗാന്ധി അടുത്തിടെ ഉറപ്പു നല്‍കിയിരുന്നു.

ബെഞ്ചില്‍ അടിച്ചാണ് മോഡി ഈ പ്രഖ്യാപനത്തെ എതിരേറ്റത്. പിയൂഷ് ഗോയല്‍ പ്രഖ്യാപനം നടത്തുമ്പോള്‍ സഭയില്‍ ‘മോഡി, മോഡി’ മുദ്രാവാക്യം വിളികളുമുണ്ടായിരുന്നു.

Exit mobile version