കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ‘കൊലപാതകം’ 20 ലക്ഷം തട്ടാനുള്ള നാടകം മാത്രം! ജോലിക്കാരനെ കത്തിക്കരിച്ച് തെളിവുണ്ടാക്കി; സുകുമാരക്കുറുപ്പ് മോഡല്‍ കൊലക്കേസ് തെളിയിച്ച് പോലീസ്

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഹിമ്മത്ത് പട്ടീദാറിന്റെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ ഒഴിയുന്നു.

രത്ലാം: മധ്യപ്രദേശില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ തുടക്കത്തില്‍ തന്നെ വെട്ടിലാക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഹിമ്മത്ത് പട്ടീദാറിന്റെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ ഒഴിയുന്നു. ഇയാള്‍ മരിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് 20 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ച അതിബുദ്ധിയാണ് നാടകീയ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഹിമ്മത്ത് പാട്ടീദര്‍ (36) ജോലിക്കാരന്‍ മദന്‍ മാളവ്യയെ കൊലപ്പെടുത്തികയായിരുന്നു. മൃതദേഹത്തില്‍ നിന്നും ലഭിച്ച അടിവസ്ത്രം മാളവ്യയുടേതാണെന്ന സംശയത്തില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് പട്ടീദാര്‍ അല്ല, മാളവ്യയാണെന്ന് വ്യക്തമായത്. പട്ടീദാര്‍ ഒളിവിലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് അര ലക്ഷം രൂപയും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവം ഇങ്ങനെ: ഇക്കഴിഞ്ഞ 23നാണ് ഹിമ്മത്ത് പട്ടീദാറിനെ കമെദിലെ ഫാമില്‍ നിന്നും കാണാനില്ലെന്ന് കാണിച്ച് പട്ടീദാറിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് ഫാമിലെത്തി നടത്തിയ അന്വേഷണത്തിനിടെയാണ് പാടത്ത് നിന്ന് മൃതദേഹം കഴുത്തറുത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുഖം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതു കൊണ്ടാണ് പോലീസ് മരിച്ചത് പട്ടീദാറാണെന്ന നിഗമനത്തിലെത്തിയത്. കൂടാതെ, മൃതദേഹത്തിനു അടുത്ത് നിന്ന് പട്ടീദാറിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, രക്തം പുരണ്ട ബെല്‍റ്റ്, ചെരുപ്പ്, ബൈക്ക് എന്നിവ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ജോലിക്കാരനായ മദന്‍ മാളവ്യ പട്ടീദാറിനെ കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

രക്ഷപ്പെട്ട മാളവ്യയെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് കമെദയില്‍ നിന്നും 500 മീറ്റര്‍ അകലെ നിന്ന് അയാളുടെ ചെളിപുരണ്ട വസ്ത്രങ്ങളും ചെരുപ്പും കണ്ടെത്തിയത്. മാളവ്യയുടെ ബന്ധുക്കള്‍ ഇത് തിരിച്ചറിഞ്ഞതോടെയാണ് കൊല്ലപ്പെട്ടത് മാളവ്യയാണെന്ന സംശയം ഉണര്‍ന്നത്. മാത്രമല്ല, സംഭവ ദിവസം പുലര്‍ച്ച 4.30 വരെ പട്ടീദാര്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണിലെ രേഖകളെല്ലാം നീക്കം ചെയ്തതായും പോലീസ് കണ്ടെത്തി.

കൂടാതെ, എല്ലാ ദിവസവും രാത്രി പമ്പ് ഓണ്‍ ചെയ്യാനായി പട്ടീദാര്‍ ഫാമിലെത്താറുണ്ടായിരുന്നു. എന്നാല്‍ സംഭവദിവസം പമ്പ് ഓണ്‍ ചെയ്തിരുന്നില്ല. ഈ തെളിവുകളെല്ലാം പട്ടീദാറല്ല മാളവ്യയാണ് കൊല്ലപ്പെട്ടതെന്ന സംശത്തിലേക്ക് പോലീസിനെ എത്തിച്ചു. ഇതിനിടെയാണ് മൃതദേഹത്തില്‍ നിന്നും ലഭിച്ച അടിവസ്ത്രവും മാളവ്യയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് പട്ടീദാറല്ല, മാളവ്യയാണെന്ന് പോലീസിന് വ്യക്തമായത്.

2018 ഡിസംബര്‍ 17ന് പട്ടീദാര്‍ 20 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. കൂടാതെ, പട്ടീദാറിന് പത്തു ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നു ഇത് തിരിച്ചടയ്ക്കാന്‍ പണമില്ലാത്തതിനാലാണ് പട്ടീദാര്‍ ‘സുകുമാരക്കുറുപ്പ്’ മോഡല്‍ സാഹസത്തിന് മുതിര്‍ന്നതെന്നാണ് പോലീസ് പറയുന്നത്.

ഇതിനിടെ, ഈ കൊലപാതകത്തിന്റെ പിന്നില്‍ കോണ്‍ഗ്രസാണെന്നും ഭരണം കിട്ടിയതോടെ കമല്‍നാഥ് കോണ്‍ഗ്രസ്സുകാരെ അക്രമം കാണിക്കാന്‍ അഴിച്ചു വിട്ടിരിക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരോപിച്ചിരുന്നു.

Exit mobile version