വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഭാരംകുറഞ്ഞ ഉപഗ്രഹം; കലാംസാറ്റ് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

വ്യാഴാഴ്ച രാത്രി 11.30ന് ശ്രീഹരികോട്ടയില്‍ നിന്നും ആയിരുന്നു വിക്ഷേപണം

ശ്രീഹരികോട്ട: പ്രതിരോധഗവേഷണ കേന്ദ്രത്തിനുവേണ്ടി ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന മൈക്രോസാറ്റ്-ആര്‍, വിദ്യാഭ്യാസമേഖലയ്ക്ക് സഹായിക്കുന്ന കലാംസാറ്റ് എന്നിവ ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. പിഎസ്എല്‍വി സി-44 റോക്കറ്റിലാണ് ഇത് വിക്ഷേപിച്ചത്. വ്യാഴാഴ്ച രാത്രി 11.30ന് ശ്രീഹരികോട്ടയില്‍ നിന്നും ആയിരുന്നു വിക്ഷേപണം.

വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഭാരംകുറഞ്ഞ ഉപഗ്രഹമാണ് കലാംസാറ്റ്. ചെന്നൈയിലെ സ്‌പേസ് കിഡ്‌സിന്റെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉപഗ്രഹമാണ് കലാം സാറ്റ്. മുന്‍ രാഷ്ട്പതി അബ്ദുള്‍ കലാമിനോനുള്ള ആദരമായിട്ടാണ് കലാം സാറ്റ് എന്ന പേര് നല്‍കിയത്.

വിക്ഷേപിക്കുന്ന റോക്കറ്റിന്റെ അവശിഷ്ടങ്ങളെ ബഹിരാകാശത്ത് തന്നെ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയാണ് ഇത്തവണത്തെ വിക്ഷേപണത്തിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യം വയ്ക്കുന്നത്. സാധാരണയായി വിക്ഷേപണ റോക്കറ്റിന്റെ ഓരോ ഘട്ടവും വേര്‍പ്പെട്ടു ഭൂമിയില്‍ തന്നെ തിരിച്ചു പതിക്കുകയാണ് പതിവ്.

എന്നാല്‍ ഇത്തവണ ഉപഗ്രഹത്തെ അതിന്റെ ഭ്രമണപഥത്തിലെത്തിച്ച ശേഷം നാലാം ഘട്ടം തിരികെ പതിക്കുന്നില്ലെന്നതാണ് പ്രത്യേകത. ബഹിരാകാശ വിക്ഷേപണ ചരിത്രത്തിലാദ്യമായിട്ടാണ് ഉപഗ്രഹത്തിന്റെ ദൗത്യം പൂര്‍ത്തിയാകുന്ന കാലയളവു വരെ നാലാം ഘട്ടവും ഒപ്പമുണ്ടാകുന്നത്. ലോകത്തിലെ ഒരു ബഹിരാകാശ ഏജന്‍സിയും നാളിതുവരെ ഇത്തരമൊരു പരീക്ഷണം നടത്തിയിട്ടില്ല

Exit mobile version