ശ്രീഹരിക്കോട്ടയില്‍ നിന്നും ഇനി വളര്‍മതിയുടെ കൗണ്‍ഡൗണ്‍ കേള്‍ക്കില്ല: ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ അന്തരിച്ചു

ചെന്നൈ: ചന്ദ്രയാന്‍ 3 വിജയിച്ചതിന്റെ അഭിമാനത്തിലാണ് ഇന്ത്യ. ഐഎസ്ആര്‍ഒയുടെ സുവര്‍ണ നേട്ടമാണ് ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ വിജയത്തിന് പിന്നാലെ ഐഎസ്ആര്‍ഒയ്ക്ക് തീരാനഷ്ടം സംഭവിച്ചിരിക്കുകയാണ്, ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു.

ഐഎസ്ആര്‍ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് പിന്നിലെ കൗണ്ട്ഡൗണ്‍ ശബ്ദമായിരുന്നു വളര്‍മതി. ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗണ്‍ ശബ്ദം കേട്ടത്.

തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ സ്വദേശിയാണ്. 1959 ജൂലൈ 31നായിരുന്നു ജനനം. 1984ല്‍ ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാര്‍ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1ന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു വളര്‍മതി. 2012 ഏപ്രിലിലാണ് റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചത്.

ഇന്ത്യയുടെ മിസൈല്‍മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ സ്മരണയ്ക്കായി തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അബ്ദുള്‍ കലാം പുരസ്‌കാരം ആദ്യം ലഭിച്ചത് വളര്‍മതിയ്ക്കാണ്. 2015ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ വളര്‍മതിയ്ക്ക് ഈ പുരസ്‌കാരം നല്കി ആദരിച്ചിരുന്നു.

‘ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള ഐഎസ്ആര്‍ഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്ഡൗണുകള്‍ക്ക് വളര്‍മതി മാഡത്തിന്റെ ശബ്ദം ഇനി ഉണ്ടാകില്ല. ചന്ദ്രയാന്‍ 3 ആയിരുന്നു അവരുടെ അവസാന കൗണ്ട്ഡൗണ്‍. അപ്രതീക്ഷിതമായ വിയോഗം. സങ്കടം തോന്നുന്നു. പ്രണാമം.’- ഐഎസ്ആര്‍ഒയുടെ മുന്‍ ഡയറക്ടര്‍ ഡോ പിവി വെങ്കിടകൃഷ്ണന്‍ വളര്‍മതിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സാമുഹമാധ്യമത്തില്‍ കുറിച്ചു.

Exit mobile version