പുഷ്പം പോലെ ‘പുഷ്പക്’ തിരിച്ചെത്തി: ചരിത്ര നേട്ടത്തില്‍ ഐഎസ്ആര്‍ഒ

ബംഗളൂരു: പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ നിര്‍ണായക പരീക്ഷണ വിക്ഷേപണത്തില്‍ ചരിത്ര വിജയം നേടി ഐഎസ്ആര്‍ഒ. കര്‍ണാടക ചിത്രദുര്‍ഗ ജില്ലയിലെ ചെല്ലക്കരയിലുള്ള വ്യോമസേനയുടെ എയറോനോട്ടിക്കല്‍ ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു പരീക്ഷണം.

‘പുഷ്പക്’ എന്ന് പേരിട്ട ആര്‍എല്‍വിയെ വ്യോമസേനയുടെ ചിനോക്ക് ഹെലികോപ്റ്ററില്‍ ഭൂമിയില്‍ നിന്ന് 4 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിച്ച ശേഷം ഭൂമിയിലേക്ക് പതിപ്പിക്കുകയായിരുന്നു. ആര്‍എല്‍വി വേഗതയും ദിശയും സ്വയം നിര്‍ണയിച്ചു റണ്‍വെയില്‍ വിമാനം ഇറങ്ങുന്നതു പോലെ തിരിച്ചിറങ്ങി. ആര്‍എല്‍വിയുടെ നാവിഗേഷന്‍, ലാന്‍ഡിംഗ് സാങ്കേതികവിദ്യകളുടെ പരീക്ഷണമാണ് നടന്നത്.

ഏപ്രിലും സമാന പരീക്ഷണം വിജയിച്ചിരുന്നു. ഓര്‍ബിറ്റല്‍ റീ എന്‍ട്രി ടെസ്റ്റ് എന്ന ഭ്രമണ പഥത്തില്‍ എത്തിച്ച ശേഷം തിരിച്ചിറക്കുന്ന പരീക്ഷണം വിജയിക്കുന്നതോടെ ഈ സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ഉള്‍പ്പെടും. റോക്കറ്റിന്റെ ഏറ്റവും മുകള്‍ ഭാഗത്തുള്ള ഇലക്ട്രോണിക് ഭാഗങ്ങള്‍, എന്‍ജിനുകള്‍ എന്നിവ വിക്ഷേപണത്തിന് ശേഷം ഭൂമിയില്‍ തിരിച്ചിറക്കുന്ന സാങ്കേതികവിദ്യയാണ് ആര്‍എല്‍വി. ഇതോടെ ഉപഗ്രഹ വിക്ഷേപണ ചിലവ് ഗണ്യമായി കുറയ്ക്കാനും റോക്കറ്റ് നിര്‍മ്മിക്കാന്‍ എടുക്കുന്ന സമയം ലാഭിക്കാനും കഴിയും.

Exit mobile version