കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് അലക്‌സ ഉപയോഗിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി: 13കാരിയക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

ലക്‌നൗ: വീട്ടില്‍ കയറി വന്ന് ആക്രമിക്കാന്‍ ശ്രമിച്ച കുരങ്ങില്‍ നിന്നും അലക്‌സ ഉപയോഗിച്ച് രക്ഷപ്പെട്ട പതിമൂന്നുകാരിയെ അഭിനന്ദിച്ചും ജോലി വാഗ്ദാനം ചെയ്തും ആനന്ദ് മഹീന്ദ്ര. നായ കുരയ്ക്കുന്ന ശബ്ദമുണ്ടാക്കാന്‍ അലക്‌സയോട് പറഞ്ഞാണ് നികിത കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് തന്നേയും ഒരുവയസുകാരിയായ അനുജത്തിയെയും രക്ഷപ്പെടുത്തിയത്.

വീട്ടിനകത്ത് കയറിയ കുരങ്ങന്‍ ഇരുവരെയും ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാല്‍ ധൈര്യം കൈവിടാതിരുന്ന നികിത അലക്സയോട് നായ കുരക്കുന്ന ശബ്ദമുണ്ടാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അലക്സ നായയുടെ ശബ്ദമുണ്ടാക്കി. ഇത് കേട്ട് പേടിച്ച കുരങ്ങന്‍ വീടിന് പുറത്തേക്കോടുകയായിരുന്നു.

സാങ്കേതിക വിദ്യയുടെ അടിമകളാവുമോ നമ്മള്‍ അതോ അധിപനാവുമോ എന്നാണ് ഈ യുഗത്തിലെ പ്രധാന ചോദ്യം. ഈ കുട്ടിയെ കഥയിലൂടെ സാങ്കേതിക വിദ്യ മനുഷ്യന്റെ നൈപുണ്യത്തെ ബലപ്പെടുത്തുകയാണ് എന്നും ചെയ്യുക എന്ന ആശ്വാസമാണ് നല്‍കുന്നത്. അവളുടെ പെട്ടെന്നുണ്ടായ ചിന്ത വിസ്മയിപ്പിക്കുന്നത്. പ്രവചനാതീതമായ ഈ ലോകത്ത് തനിക്കുള്ള നേതൃപാഠവത്തിന്റെ സൂചനയാണ് അവള്‍ നല്‍കുന്നത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ ഒരു കോര്‍പ്പറേറ്റ് ലോകത്ത് ജോലി ചെയ്യാന്‍ അവള്‍ തീരുമാനിക്കുകയാണ് എങ്കില്‍ മഹീന്ദ്രയ്‌ക്കൊപ്പം ചേരുന്നതിനെ കുറിച്ച് അവളെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു, ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചു.

മൗവിലെ ആവാസ് വികാസ് കോളനിയിലെ സഹോദരിയുടെ വീട്ടില്‍ നികിത എത്തിയപ്പോഴായിരുന്നു കുരങ്ങിന്റെ ആക്രമണം ഉണ്ടായത്. വീടിന്റെ ഒന്നാം നിലയില്‍ അടുക്കളക്ക് സമീപം ഒരു വയസുള്ള സഹോദരിയുടെ മകളുമായി കളിക്കുകയായിരുന്നു നികിത. ഈ സമയത്താണ് അടുക്കളയിലേക്ക് ഒരു കുരങ്ങന്‍ കയറി വന്നത്. മറ്റൊരു മുറിയിലായിരുന്ന കുടുംബാംഗങ്ങള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. അടുക്കളയിലെ പാത്രങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങിയ കുരങ്ങന്‍ പെണ്‍കുട്ടികളെ ആക്രമിക്കാനും ശ്രമിച്ചു. ഭയപ്പെട്ട കുഞ്ഞ് കരയാന്‍ തുടങ്ങി. ഫ്രിഡ്ജിന് മുകളില്‍ വച്ചിരുന്ന അലക്‌സയെ കണ്ടതോടെ നായ കുരയ്ക്കുന്ന ശബ്ദമുണ്ടാക്കാന്‍ നികിത പറഞ്ഞു. കുരയ്ക്കുന്ന ശബ്ദം വന്നതോടെ ഭയപ്പെട്ട കുരങ്ങ് പിന്‍വാങ്ങുകയായിരുന്നു.

പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുകയാണ് നികിത. ഭാവിയില്‍ ഉറപ്പായും മഹീന്ദ്രയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നികിത പറയുന്നു. കുട്ടിയ്ക്ക് പിറന്നാള്‍ സമ്മാനമായി മാതാപിതാക്കള്‍ സമ്മാനിച്ചതാണ് അലക്‌സ.

Exit mobile version