വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര: ഇഡ്‌ലി അമ്മയ്ക്ക് മാതൃദിനത്തില്‍ സ്വന്തം വീടായി

തമിഴ്‌നാട്: ഒരു രൂപയ്ക്ക് ഇഡ്‌ലി വിറ്റ് ഹിറ്റായ കോയമ്പത്തൂരിലെ കമലമ്മാളിന് മാതൃദിനത്തില്‍ വീട് സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര.

കമലമ്മാള്‍ എന്നു പറഞ്ഞാല്‍ ആര്‍ക്കും അറിയണമെന്നില്ല. എന്നാല്‍ ഇഡ്‌ലി അമ്മ എന്നുപറഞ്ഞാല്‍ അറിയാത്തവരായും ആരും ഉണ്ടാവുകയില്ല. 30 വര്‍ഷത്തോളമായി ഇവര്‍ ഒരു രൂപക്ക് ഇഡ്‌ലി വില്‍ക്കുന്നു.

ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇഡലി വില്‍ക്കുന്ന ‘ഇഡലി അമ്മക്ക്’ മാതൃദിനത്തില്‍ തന്നെ വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു കൊടുത്തിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

‘മാതൃദിനത്തില്‍ ഇഡലി അമ്മക്ക് വീടൊരുക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങളുടെ ടീമിനോട് നന്ദി പറയുന്നു. അവരുടെ ജോലിയെ പിന്തുണക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എല്ലാവര്‍ക്കും മാതൃദിനാശംസകള്‍’- മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

2019 ലാണ് ഇവരുടെ വീഡിയോ ആനന്ദ് മഹീന്ദ്ര കാണാനിടയായത്. വിറകടുപ്പില്‍ തീയൂതി ഇഡലി ഉണ്ടാക്കി വിറ്റിരുന്ന ഇവര്‍ക്ക് ആനന്ത് മഹീന്ദ്ര ഒരു ഗ്യാസ് കണക്ഷനും അടുപ്പും നല്‍കിയിരുന്നു. അന്ന് തന്നെ ഇഡലി അമ്മക്ക് സ്വന്തമായൊരു വീട് എന്ന വാഗ്ദാനം നല്‍കി കടയും വീടും കൂടി ചേര്‍ന്ന സ്ഥലം വാങ്ങി ഇഡ്ഡലി അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊടുക്കുകയായിരുന്നു.

തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം ഇഡ്‌ലിയമ്മക്ക് വീടൊരുങ്ങുകയും ചെയ്തു. ആനന്ദ് മഹീന്ദ്രക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് രംഗത്തുവരുന്നത്.

Exit mobile version