സ്വന്തമായി ന്യൂജന്‍ ജീപ്പ് വികസിപ്പിച്ചു: സഹായം തേടിയ യുവാവിന് ആനന്ദ് മഹീന്ദ്രയുടെ മറുപടി

ന്യൂഡല്‍ഹി: സ്വന്തമായി ജീപ്പ് വികസിപ്പിച്ചെടുത്ത യുവാവിന് ജോലി നല്‍കി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. തമിഴ്‌നാട് സ്വദേശിയായ ഗൗതമിന്റെ ട്വീറ്റ് ശ്രദ്ധയില്‍പെട്ടതോടെയാണ് ആനന്ദ് മഹീന്ദ്ര ജോലി നല്‍കിയത്.

താന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് ജീപ്പിന്റെ വളര്‍ച്ചയും വികാസവും ഒരു വീഡിയോ രൂപത്തിലാക്കി ട്വിറ്ററില്‍ പങ്കുവെച്ചതായിരുന്നു ഗൗതം. ആനന്ദ് മഹീന്ദ്രയെ പരാമര്‍ശിച്ചായിരുന്നു ഗൗതം വീഡിയോ പോസ്റ്റ് ചെയ്തത്.

തനിക്ക് ജോലി നല്‍കണമെന്നും പോസ്റ്റിനോടൊപ്പം അഭ്യര്‍ത്ഥിച്ചിരുന്നു. ഓഗസ്റ്റ് 17-നായിരുന്നു ഗൗതം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മൂന്നാം ദിവസം തന്നെ ഇതിന് മറുപടിയുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ എത്തി. ഗൗതമിന്റെ വീഡിയോ ഷെയര്‍ ചെയ്ത അദ്ദേഹം ഇപ്രകാരം ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യ ഇലക്ട്രോണിക് വാഹന നിര്‍മാണത്തില്‍ ഒന്നാമതാകുമെന്ന് തനിക്ക് ബോധ്യമുണ്ട്. ഇക്കാര്യത്തില്‍ നിലവില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. കാരണം കാറുകളോടും ടെക്നോളജിയോടുമുള്ള അവരുടെ അഭിനിവേശം വലുതാണ്. ഗൗതവും അദ്ദേഹത്തിന്റെ ചുറ്റുപാടുകളും സമൃദ്ധി നേടട്ടെയെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.

കൂടാതെ മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ടെക്നോളജി പ്രസിഡന്റായ വേലു മഹീന്ദ്രയെ മെന്‍ഷന്‍ ചെയ്ത് ഗൗതമിനെ ഉടന്‍ സമീപിക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു.

തമിഴ്നാട്ടിലെ കീഴാദി എന്ന ഗ്രാമവാസിയാണ് ഗൗതം. നൂതനമായ രീതിയില്‍ ആരെയും ആകര്‍ഷിപ്പിക്കുന്ന ജീപ്പായിരുന്നു ഗൗതം നിര്‍മ്മിച്ചത്. മുമ്പിലെയും പിന്നിലെയും ചക്രങ്ങളെ വെവ്വേറെ നിയന്ത്രിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഗൗതത്തിന്റെ ഇലക്ട്രോണിക് ജീപ്പിനുണ്ട്.

തന്റെ കഴിവ് തെളിയിച്ച ഈ യുവാവിന് മഹീന്ദ്രയില്‍ ജോലി ലഭിച്ചുകഴിഞ്ഞുവെന്നാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് സൂചിപ്പിക്കുന്നത്.

Exit mobile version