‘ഇവിടം സ്വർഗമാണ്’; സോഷ്യൽമീഡിയയിൽ ലൈവ് വീഡിയോയുമായി ജയിലിൽ കിടക്കുന്ന കൊലക്കേസ് പ്രതി; വീഡിയോ വൈറൽ; ജയിൽ അധികൃതർക്ക് സസ്‌പെൻഷൻ

ലഖ്‌നൗ: ജയിലിൽ കിടക്കുന്ന പ്രതി സോഷ്യൽമീഡിയയിലൂടെ ലൈവ് വീഡിയോ സ്ട്രീമിങ് നടത്തിയ സംഭവം വിവാദത്തിൽ. ഉത്തർപ്രദേശിലെ ബരേലി സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന കൊലക്കേസ് പ്രതി ആസിഫ് ഖാനാണ് ജയിലിൽനിന്ന് ലൈവ് സ്ട്രീമിങ് നടത്തിയത്. സംഭവം വിവാദമായതോടെ ബരേലി സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി ജയിലറെ ലഖ്നൗവിലെ ജയിൽ ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി. മൂന്ന് ജയിൽ വാർഡന്മാർക്ക് സസ്പെൻഷനും ലഭിച്ചു.

ജയിലിൽനിന്ന് സുഹൃത്തുക്കൾക്കായി ലൈവ് സ്ട്രീമിങ് നടത്തിയ പ്രതി, താൻ സ്വർഗത്തിലാണെന്നും ഇവിടെ ജീവിതം ആസ്വദിക്കുകയാണെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. ഉടൻതന്നെ ജയിലിൽനിന്ന് പുറത്തിറങ്ങുമെന്നും ഇയാൾ വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്. ഈ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹിക മാധ്യമത്തിൽ വൈറലായത്.

പി.ഡബ്ല്യൂ.ഡി. കരാറുകാരനായ രാകേഷ് യാദവിനെ കൊലപ്പെടുത്തിയ കേസിലാണ് ആസിഫ് ഖാനെ ജയിലിലടച്ചിരുന്നത്. 2019 ഡിസംബർ രണ്ടിന് ഷാജഹാൻപുരിലായിരുന്നു കൊലപാതകം. ആസിഫ് ഖാനും കൂട്ടാളിയായ രാഹുൽ ചൗധരിയും കുറ്റകചേർന്നാണ് കൃത്യം നടത്തിയത്. തുടർന്ന് പിടിയിലായ ഇരുപ്രതികളും ഷാജഹാൻപുരിലെ ജില്ലാ ജയിലിലാണ് തടവിൽ പാർപ്പിച്ചിരുന്നത്. ഈ കാലയളവിൽ പ്രതികൾക്ക് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നതായി ആരോപിച്ച് കൊല്ലപ്പെട്ട രാകേഷിന്റെ സഹോദരൻ പരാതി നൽകിയിരുന്നു.

ALSO READ- കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പോയ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

ഇതോടെ രണ്ടു പേരെയും ബരേലി സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ബരേലി സെൻട്രൽ ജയിലിൽവെച്ച് ഇപ്പോൾ പ്രതിയുടെ ലൈവ് സ്ട്രീമിങ് വന്നതോടെ ഇവിടെയും പ്രതിക്ക് സുഖജീവിതമാണെന്ന് വ്യക്തമായിരിക്കുകയാണ്. ജയിൽ ഉദ്യോഗസ്ഥർക്കെതിരേ പരാതി ഉയർന്നതോടെ ആസിഫ് ഖാനെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.


സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രാകേഷിന്റെ സഹോദരൻ ജില്ലാ മജിസ്ട്രേറ്റിന് പരാതി നൽകിയിട്ടുണ്ട്. എസ്പി രാഹുൽ ഭാട്ടി ജയിലിൽ നേരിട്ടെത്തി അന്വേഷണം ആരംഭിച്ചെങ്കിലും ലൈവ് സ്ട്രീമിങ്ങിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാനായില്ലെന്നാണ് റിപ്പോർട്ട്.

Exit mobile version