കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പരാജയം സമ്മതിച്ചു; 40 സീറ്റ് എങ്കിലും ലഭിക്കാന്‍ താന്‍ പ്രാര്‍ഥിക്കാം: രാജ്യസഭയില്‍ പരിഹസിച്ച് മോഡി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ സംസാരിക്കുന്നതിനിടെ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരിഹസിച്ച മോഡി നെഹ്‌റു മുതലുള്ള കോണ്‍ഗ്രസ് നേതാക്കളേയും രൂക്ഷമായി വിമര്‍ശിച്ചു.

2024ലെ തിരഞ്ഞെടുപ്പ് വരുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചെന്നു പരിഹസിച്ചും പ്രധാനമന്ത്രി, ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കുറഞ്ഞത് 40 സീറ്റ് എങ്കിലും ലഭിക്കാന്‍ താന്‍ പ്രാര്‍ഥിക്കാമെന്നും പറഞ്ഞു. സഭയില്‍ സംസാരിച്ച ഖാര്‍ഗെ ഇനി സംസാരിക്കാന്‍ അവസരം ലഭിക്കില്ലെന്ന തരത്തിലാണ് പ്രസംഗിച്ചതെന്നും പറഞ്ഞു. രാജ്യസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മോഡി.

കോണ്‍ഗ്രസ് കാലഹരണപ്പെട്ട പാര്‍ട്ടിയാണ്. നെഹ്‌റു സംവരണത്തെ എതിര്‍ത്തു. ഉദ്യോഗ തലത്തിലെ സംവരണത്തെ എതിര്‍ത്തിരുന്നു. എസ് സി-എസ് ടി വിഭാഗത്തെ അവഗണിച്ചു. അംബേദ്കര്‍ക്ക് ഭാരതരത്‌ന നല്‍കാന്‍ തയ്യാറായില്ല. ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും മാത്രമാണ് പുരസ്‌കാരം നല്‍കിയതെന്നും മോഡി വിമര്‍ശിച്ചു.

ഇന്ത്യയിലെ ജനങ്ങളെ കോണ്‍ഗ്രസ് വിഭജിക്കാന്‍ ശ്രമിച്ചു. തെക്കെന്നും വടക്കെന്നും വിഭജനം ഉണ്ടാക്കി, എന്നാല്‍ തനിക്കും ബിജെപിക്കും ഡല്‍ഹി മാത്രമല്ല തെന്നിന്ത്യയും സ്വന്തം ഭവനമാണെന്നും മോഡി പറഞ്ഞു.

also read- പിഎസ്‌സി പരീക്ഷയിലെ ആദ്യ ബയോമെട്രിക് പരിശോധനയില്‍ തന്നെ ആള്‍മാറാട്ടം; പരിശോധനക്കിടെ യുവാവ് കടന്ന് കളഞ്ഞു; പാഞ്ഞുപോയത് ഇരുചക്രവാഹനത്തില്‍

ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് ബന്ധം തര്‍ക്കത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന് 40 സീറ്റ് പോലും കിട്ടില്ലെന്നും കോണ്‍ഗ്രസിന് അഹങ്കാരമാണെന്നും മമത ബാനര്‍ജി വിമര്‍ശിച്ചത്. ഇതിനെ ഏറ്റുപിടിച്ചായിരുന്നു രാജ്യസഭയിലെ മോഡിയുടെ വിമര്‍ശനം. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 72 സീറ്റ് നേടിയ കോണ്‍ഗ്രസിന് 2019-ല്‍ വെറും 44 സീറ്റുകളാണ് ആകെ സമ്പാദ്യം.

Exit mobile version