5555 കിലോഗ്രാം പത്ത് രൂപാ നാണയങ്ങള്‍: ആനയ്ക്ക് തുലാഭാരം നടത്തി മഠം

ബംഗളൂരു: കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയുമെല്ലാം ജന്മദിനത്തില്‍ സാധാരണയായി തുലാഭാരം നടത്താറുണ്ട്. അതുപോലെ ഒരു ആനയുടെ തുലാഭാരം നടത്തിയ വാര്‍ത്തയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ബംഗളൂരു ഹുബ്ബള്ളിയിലാണ് ആനയ്ക്ക് നാണയങ്ങള്‍ കൊണ്ട് തുലാഭാരം നടത്തിയത്.

ഷിരഹട്ടി ഫകിരേശ്വര മഠത്തിലെ ചമ്പിക എന്ന ആനയെയാണ് തുലാഭാരം തൂക്കിയത്. മഠാധിപതി ഫകിര്‍ സിദ്ധരാം മഹാസ്വാമിയുടെ 75-ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു അപൂര്‍വ ചടങ്ങ്. ആന മഠത്തിലെത്തിയതിന്റെ അറുപതാം വാര്‍ഷികാഘോഷം കൂടിയായിരുന്നു ഇത്.

പ്രത്യേകം തയ്യാറാക്കിയ കൂറ്റന്‍ തുലാസിലാണ് തുലാഭാരം നടത്തിയത്. തുലാസിന്റെ ഒരു തട്ടില്‍ നെറ്റിപ്പട്ടംകെട്ടി അണിയിച്ചൊരുക്കിയ ആനയെ നിര്‍ത്തി. ആനപ്പുറത്ത് തേക്കുകൊണ്ടുണ്ടാക്കിയ 200 കിലോഗ്രാം തൂക്കമുള്ള അംബാരിയും അതിനകത്ത് മഠാധിപതിയും ആനപ്പുറത്ത് പാപ്പാനുമുണ്ടായിരുന്നു. മറുതട്ടില്‍ നാണയത്തുട്ടുകളുടെ ചാക്കുകെട്ട് അടുക്കിവെച്ചു. 5555 കിലോഗ്രാം നാണയങ്ങളാണ് ആന നിന്ന തട്ടിനൊപ്പമാകാന്‍ വേണ്ടിവന്നത്. 376 ചാക്കുകളിലായി 73,40,000 രൂപയുടെ നാണയങ്ങളാണ് ആനയ്‌ക്കൊപ്പം തൂക്കിയത്.

44 അടി നീളവും 20 അടി വീതിയും 30 അടി ഉയരവുമുള്ള ഇരുമ്പിന്റെ തുലാസാണ് തുലാഭാരത്തിന് തയ്യാറാക്കിയത്. 20 ലക്ഷം രൂപ തുലാസ് നിര്‍മിക്കാനായി ചെലവ് വന്നു. തുലാഭാരത്തിനുള്ള നാണയങ്ങള്‍ എസ്.ബി.ഐ.യില്‍നിന്നാണ് ശേഖരിച്ചത്. ഈ പണം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവാക്കും.

ഹുബ്ബള്ളി നഗരത്തിലെ നെഹ്‌റു മൈതാനത്ത് നടന്ന ചടങ്ങിന് ഒട്ടേറെപ്പേര്‍ സാക്ഷികളായി. മന്ത്രിമാരായ എച്ച്.കെ. പാട്ടീല്‍, ഈശ്വര്‍ ഖന്‍ഡ്രെ, നിയമനിര്‍മാണ കൗണ്‍സില്‍ ചെയര്‍മാന്‍ ബസവരാജ് ഹൊരട്ടി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, എം.എല്‍.എ.മാരായ മഹേഷ് തെങ്ങിനകായി, അരവിന്ദ് ബെല്ലാഡ് തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version