അരികൊമ്പന് മദപ്പാട്; ഓടിച്ചിട്ടും കാട് കയറാതെ മാഞ്ചോലയിലെ എസ്റ്റേറ്റിൽ തുടരുന്നു, ആകാശത്തേക്ക് വെടിയുതിർത്ത് വനം വകകുപ്പ്; ഭയന്ന് നാട്ടുകാർ

തിരുനൽവേലി: വീണ്ടും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയ അരികൊമ്പനെ കാട് കയറ്റാനാകാതെ കുഴങ്ങി തമിഴ്‌നാട് വനംവകുപ്പ്. മാഞ്ചോലയിലെ എസ്റ്റേറ്റിൽ നിന്ന് കാട്ടിലേക്ക് പിന്മാറാതെ അരിക്കൊമ്പൻ ഇവിടെ തുടരുകയാണ്.പ്രദേശത്ത് ആന നിലയുറപ്പിച്ചതോടെ അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്ച രാത്രിയും ആന തേയിലത്തോട്ടത്തിൽ ഇറങ്ങിയിരുന്നു.

ഇതോടെ അരിക്കൊമ്പനെ ഓടിക്കുന്നതിനായി വനംവകുപ്പ് രണ്ടുതവണ ആകാശത്തേക്ക് വെടിയുതിർത്തു. പഴങ്ങൾ നൽകി കാട്ടിലേക്ക് കയറ്റാനുള്ള ശ്രമവും തുടരുന്നുണ്ട്. നിരവധി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് നിലവിൽ ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. മൃഗഡോക്ടർമാരുടെ സംഘവും വനംവകുപ്പിനൊപ്പമുണ്ട്.

ആന മദപ്പാടിലാണ് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അതിനാലാണ് അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതെന്നാണ് സൂചന.

അതേസമയം, ആന ഇറങ്ങിയതോടെ ഭയം കാരണം രാത്രി ഉറങ്ങാൻ പോലും സാധിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ രണ്ട് വീടുകൾക്കാണ് ആന കേടുപാടുണ്ടാക്കിയത്. ഈ വീടുകളിൽ ആളുകളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.

അരികൊമ്പൻ ലയങ്ങൾ നശിപ്പിക്കാനും നാട്ടുകാരെ അക്രമിക്കാനുമുള്ള സാധ്യതയുമുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ആന തേയിലത്തോട്ടത്തിൽ നിലയുറപ്പിച്ചതോടെ രാത്രി ഏഴു മണിക്ക് ശേഷം പ്രദേശവാസികൾ പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് നിർദേശം നൽകിയിരിക്കുകയാണ്.

ALSO READ- വടകരയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു, അവധിക്കു നാട്ടില്‍ വന്ന സൈനികന് ദാരുണാന്ത്യം

ആനയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങൾ ഒപ്പിട്ട നിവേദനം വനംവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്.

Exit mobile version