‘ചാന്ദ്ര ദൗത്യം ഇന്ത്യയ്ക്ക് സാധ്യമായാല്‍ അതില്‍പ്പരം വലിയൊരു അഭിമാനം മറ്റൊന്നുമുണ്ടാകില്ല’: അന്ന് അബ്ദുള്‍ കലാം പറഞ്ഞു, സഫലമാക്കി ചാന്ദ്രയാന്‍ 3

ശ്രീഹരിക്കോട്ട: ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്കിത് അഭിമാന മുഹൂര്‍ത്തമാണ്. ത്രിവര്‍ണ്ണ പതാക ചന്ദ്രനിലെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. വ്യാഴാഴ്ച വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ചരിത്രനേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ചന്ദ്രയാന്‍-2 ദൗത്യം 2019-ല്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് സമയത്ത് വെല്ലുവിളികള്‍ നേരിട്ടതിന് ശേഷമുള്ള ഐഎസ്ആര്‍ഒയുടെ തുടര്‍ ശ്രമമാണ് ചന്ദ്രയാന്‍ -3.

ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യം 2008ലെ ചന്ദ്രയാന്‍ -1 ആയിരുന്നു, ഈ സമയത്ത് ഉപഗ്രഹം ചന്ദ്രനുചുറ്റും 3400-ലധികം ഭ്രമണപഥങ്ങള്‍ നടത്തി. 2009 ഓഗസ്റ്റ് 29 ന് ബഹിരാകാശ പേടകവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടപ്പോള്‍ ദൗത്യം അവസാനിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രയാന്‍-1 അസംബിള്‍ ചെയ്യുമ്പോള്‍ എപിജെ അബ്ദുള്‍ കലാം ഐഎസ്ആര്‍ഒ ഓഫീസ് സന്ദര്‍ശിച്ചിരുന്നു.

20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചന്ദ്രനിലേക്കൊരു ദൗത്യത്തെക്കുറിച്ചുള്ള ഇന്ത്യ ചിന്തിച്ചു തുടങ്ങിയുന്നതെ ഉണ്ടായിരുന്നുള്ളൂ. എന്നെങ്കിലും ആ സ്വപ്നനേട്ടം കൈവരിക്കാന്‍ ഇന്ത്യക്ക് കഴിയുമെങ്കില്‍ അതില്‍പ്പരം വലിയൊരു അഭിമാനം മറ്റൊന്നുമുണ്ടാകില്ലെന്നാണ് എപിജെ അബ്ദുള്‍ കലാം അന്ന് പറഞ്ഞിരുന്നു.

‘ചന്ദ്രന്റെ പര്യവേക്ഷണം രാജ്യത്തിനാകെ, പ്രത്യേകിച്ച് യുവ ശാസ്ത്രജ്ഞര്‍ക്കും കുട്ടികള്‍ക്കും അളവില്ലാത്ത ഊര്‍ജ്ജവും ആത്മവിശ്വാവുമായിരിക്കും സമ്മാനിക്കുക.’ ചന്ദ്ര പര്യവേക്ഷണത്തെക്കുറിച്ച് ഐഎസ്ആര്‍ഒ ആലോചിക്കുന്നുണ്ടെന്ന് 2003ല്‍ അറിയിച്ചപ്പോള്‍ കലാം പറഞ്ഞതിങ്ങനെയാണ്.

മറ്റു ഗ്രഹ പര്യവേക്ഷണങ്ങള്‍ക്കു ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഒരു തുടക്കം മാത്രമായിരിക്കും ചന്ദ്ര ദൗത്യമെന്ന ആത്മവിശ്വാസവും കലാം അന്ന് പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും വിദൂര സംവേദനാത്മക ഉപഗ്രഹമായ റിസോര്‍സെസാറ്റ് -1 വിക്ഷേപിക്കാന്‍ തയ്യാറായിരുന്ന പിഎസ്എല്‍വി-സി 5 ന്റെ അന്തിമ തയ്യാറെടുപ്പുകള്‍ പരിശോധിച്ച ശേഷം ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയായിരുന്നു അന്നത്തെ രാഷ്ട്രപതിയായിരുന്ന കലാം.

ഒരു വര്‍ഷത്തിനുശേഷം ചന്ദ്രയാന്‍ 1നെ കുറിച്ചു വിശദീകരിക്കാന്‍ ചെന്ന ഐഎസ്ആര്‍ഒ സംഘത്തോട് കലാം ചോദിച്ചത് എന്തുകൊണ്ട് ചന്ദ്രനിലിറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല എന്നാണ്.

ഉപഗ്രഹം ഏതായാലും ചന്ദ്രനിലെത്തുന്നുണ്ടല്ലോ പിന്നെ എന്തുകൊണ്ടാണ് അവിടെ ഇറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാത്തതെന്നാണ് കലാം ചോദിച്ചതെന്ന് ചന്ദ്രയാന്‍1ന്റെ പ്രൊജക്റ്റ് ഡയറക്ടറായിരുന്ന എം അണ്ണാദുരൈ പിന്നീട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയാണ് 2008 ഒക്ടോബറില്‍ ചന്ദ്രയാന്‍1 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്. 11 വര്‍ഷത്തിനു ശേഷം, ഏകദേശം 978 കോടി രൂപ ചെലവിലാണു ചന്ദ്രയാന്റെ രണ്ടാം പതിപ്പ് യാത്രയായത്.

Exit mobile version