സൂര്യനെ തൊടാന്‍ ആദിത്യ എല്‍ വണ്‍: ക്ഷേത്രദര്‍ക്ഷേത്രദര്‍ശനവും പൂജകളും നടത്തി ശാസ്ത്രജ്ഞര്‍

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ വണ്‍ വിക്ഷേപണം ഇന്ന്. പി എസ് എല്‍ വി – സി 57 റോക്കറ്റില്‍ രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.

സൂര്യന്റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, കൊറോണ എന്നിവയെക്കുറിച്ചും, സൂര്യനും ഭൂമിക്കും ഇടയില്‍ ഉപഗ്രഹത്തെ സ്ഥാപിക്കുന്ന ലഗ്രഞ്ച് പോയിന്റ് ഒന്നിനെക്കുറിച്ചും പഠിക്കുകയാണ് ലക്ഷ്യം.

വിക്ഷേപണത്തിന് മുന്നോടിയായി ക്ഷേത്രദര്‍ശനം നടത്തി അനുഗ്രഹം തേടിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ആന്ധ്രാപ്രദേശിലെ സുല്ലൂര്‍പേട്ടയിലെ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിലാണ് ചെയര്‍മാന്‍ എസ് സോമനാഥും ശാസ്ത്രജ്ഞരും എത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിക്ഷേപണം വിജയമാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാനാണ് താന്‍ ക്ഷേത്രത്തിലെത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദിത്യ-എല്‍1 മിഷന്റെ മാതൃകയുമായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ മറ്റൊരു സംഘം തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെത്തി വിശേഷാല്‍ പൂജകളും നടത്തി.

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഹാലോ ഭ്രമണ പഥത്തില്‍ 4 മാസം കൊണ്ടാണ് പേടകം എത്തുക. സൗരാന്തരീക്ഷത്തിന്റെ മുകള്‍ ഭാഗം ചൂടാകുന്നതും, അതു സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠിക്കലാണ് പ്രധാന ലക്ഷ്യം.

സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസ്സിലാക്കല്‍, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കല്‍ എന്നിവയും ലക്ഷ്യങ്ങളാണ്. ഇതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എല്‍ വണ്ണിലുള്ളത്. നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തികവലയം എന്നിവയെപ്പറ്റി പഠിക്കും.

പേടകത്തിലെ പ്രധാന പേലോഡായ വിസിബിള്‍ എമിഷന്‍ ലൈന്‍ കോറോണഗ്രാഫ് മിനിറ്റില്‍ ഒന്നെന്ന കണക്കില്‍ ദിവസേന 1440 ചിത്രങ്ങള്‍ പകര്‍ത്തി ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷ. ചന്ദ്രയാന്‍ മൂന്നിന് പിന്നാലെ ആദിത്യ എല്‍ വണ്‍ കൂടി വിജയിച്ചാല്‍ ഇന്ത്യക്കും ഐഎസ്ആര്‍ഒയ്ക്കും വലിയ നേട്ടമാകും.

Exit mobile version