അവന്‍ ഇനി ‘പ്രഗ്യാന്‍ ചന്ദ്ര’: അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിന് പേരിട്ടു

തിരുവനന്തപുരം: ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിങിലും ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സണുമായി സമനില നേടിയ പ്രഗ്‌നാനന്ദയും ഇന്ത്യയുടെ അഭിമാനം ലോകത്തോളം ഉയരത്തിലെത്തിച്ചിരിക്കുകയാണ്. രണ്ട് ചരിത്ര നേട്ടങ്ങള്‍ക്കും സംസ്ഥാന ശിശുക്ഷേമ സമിതി ആദരം അര്‍പ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരത്തെ ഹൈടെക് അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് ‘പ്രഗ്യാന്‍ ചന്ദ്ര’ എന്ന് പേരിട്ടിരിക്കുകയാണ്. നാലു ദിവസം മാത്രം പ്രായം തോന്നിക്കുന്ന ആണ്‍കുഞ്ഞിനാണ് ചരിത്ര നിമിഷങ്ങളുടെ പേരിട്ടിരിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി അറിയിച്ചു.

കഴിഞ്ഞ ജനുവരിയില്‍ ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ് പ്രഗ്യാന്‍. പരിചരണത്തിനായി ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിച്ച കുട്ടിയെ ആരോഗ്യ പരിശോധനയ്ക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയില്‍ എത്തിച്ചു.

കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

2002 നവംബര്‍ 14-ന് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ച ശേഷം സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകള്‍ വഴി ലഭിക്കുന്ന 584-ാമത്തെ കുട്ടി കൂടിയാണ് പ്രഗ്യാന്‍.

Exit mobile version