ചരിത്ര നിമിഷത്തില്‍ ഇന്ത്യ: അമ്പിളിക്കല തൊട്ട് ചാന്ദ്രയാന്‍ 3

അഭിമാന നേട്ടത്തില്‍ ഇന്ത്യയും. നീണ്ട കാത്തിരിപ്പും ചങ്കിടിപ്പിന്റെ അവസാന നിമിഷങ്ങളും പിന്നിട്ട് ഇന്ത്യ ചന്ദ്രനെ തൊട്ടു. നാലു വര്‍ഷം മുമ്പ് അവസാനനിമിഷം കൈവിട്ട ആ സ്വപ്നം ഇന്ത്യ ഇതാ സഫലമാക്കിയിരിക്കുന്നു.

അമേരിക്ക, സോവിയറ്റ് യൂണിയന്‍ ചൈന ഇവര്‍ക്കൊപ്പം എലൈറ്റ് ഗ്രൂപ്പില്‍ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയും മാറിയിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന ചരിത്രവും ഇന്ത്യ ഇതോടൊപ്പം കുറിച്ചു.

‘വിക്രം’ എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ വൈകീട്ട് 5.45-ന് ആരംഭിച്ചു. ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കിയത്.

വൈകീട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായിമാറി ഇന്ത്യ. ഒപ്പം, ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യവുമായി.

ഇന്ത്യയ്‌ക്കൊപ്പം ദക്ഷിണധ്രുവം ലക്ഷ്യമിട്ട് പോയ റഷ്യയുടെ ലൂണ 23 പാതിവഴിയില്‍ തകര്‍ന്ന് വീണത് ദിവസങ്ങള്‍ക്ക് മുമ്പാണ്. അവിടെയാണ് ഇന്ത്യ ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ചന്ദ്രയാന്‍ 3-ന് നന്ദി. ഇന്ത്യക്കിത് ചന്ദ്രോത്സവത്തിന്റെ ഓഗസ്റ്റ് 23.

Exit mobile version