കേന്ദ്രം വിചാരിക്കുന്ന പോലെ മുന്നോട്ട് പോയാൽ പെട്രോൾ വില ലിറ്ററിന് 15 രൂപയാകും; ജനങ്ങളെ കൊതിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: നിലവിലെ കാര്യങ്ങൾ കേന്ദ്ര സർക്കാർ ഉദേശിക്കുന്ന രീതിയിൽ മുന്നോട്ട് പോയാൽ പെട്രോൾ വില ലിറ്ററിന് 15 രൂപ വരെയാകുമെന്ന പ്രസ്താവനയുമായി കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.

വരും കാലത്ത് രാജ്യത്തിന്റെ ഇന്ധനം എഥനോളും വൈദ്യുതിയുമായിരിക്കുമെന്നും ഇതോടെ പെട്രോൾ വില വീഴുമെന്നും നിതിൻ ഗഡ്കരി അവകാശപ്പെട്ടു. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ ബിജെ.ി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ജനങ്ങളെ കൊതിപ്പിക്കുന്ന വാഗ്ദാനം മന്ത്രി നൽകിയത്.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ രാജ്യത്തെ നിരത്തുകളിലെത്തും. ഈ കാറുകൾ 60 ശതമാനം എഥനോളിലും 40 ശതമാനം വൈദ്യുതിയിലും പ്രവർത്തിക്കുന്നതാകും. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ പെട്രോൾ വില ലിറ്ററിന് 15 രൂപയായി കുറയുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ ഇനിയുള്ള ലക്ഷ്യം എഥനോളും വൈദ്യുതിയും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ വ്യാപകമാക്കുന്നതാണെന്നും ഗഡ്കരി പ്രസ്താവിച്ചു.

ALSO READ- പ്രവര്‍ത്തകര്‍ക്ക് പരിശീലന ക്ലാസുകള്‍: രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങി വിജയ്

രാജ്യത്തെ കർഷകർ അന്നദാതാവ് മാത്രമല്ല, ഊർജ്ജദാതാവ് കൂടിയാണ് എന്നാണ് സർക്കാറിന്റെ നയം. 16 ലക്ഷം കോടിയുടേതാണ് ഇപ്പോഴത്തെ ഇറക്കുമതി. ഈ തുക കർഷകരുടെ വീടുകളിലെത്തുന്നതാണ് പദ്ധിതിയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ, എഥനോളിലും വൈദ്യുതിയിലും ഓടുന്ന ടൊയോട്ട കാംറി കാർ ആഗസ്റ്റിൽ നിരത്തിലിറക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. പൂർണമായും എഥനോളിൽ ഓടാനും ശേഷിയുള്ള വാഹനം ഓട്ടത്തിനിടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെയ്യും.

ബജാജ്, ടിവിഎസ്, ഹീറോ എന്നീ കമ്പനികൾ 100 ശതമാനവും എഥനോളിൽ ഓടുന്ന സ്‌കൂട്ടറുകൾ വിപണിയിലെത്തിക്കാനാകുമെന്നും നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. എഥനോളും വൈദ്യുതിയും രാജ്യത്തിന്റെ ഇന്ധനമായാൽ മലിനീകരണവും പെട്രോൾ ഇറക്കുമതി കുറയും. ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുകയും ചെയ്താൽ രാജ്യത്ത് വികസനം വേഗത്തിലാകുമെന്നാണ് നിതിൻ ഗഡ്കരി പ്രത്യാശ നൽകിയത്.

Exit mobile version