പ്രവര്‍ത്തകര്‍ക്ക് പരിശീലന ക്ലാസുകള്‍: രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങി വിജയ്

ചെന്നൈ: നടന്‍ വിജയ് സിനിമാഭിനയം നിര്‍ത്തിവെച്ച് രാഷ്ട്രീയ പ്രവേശത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ പാര്‍ട്ടിയാക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ പ്രവര്‍ത്തനം അത്ര പരിചിതമല്ലാത്ത സംഘടനാ നേതാക്കള്‍ക്ക് പ്രത്യേക പരിശീലന ക്ലാസുകള്‍ നടത്തി ഇവരെ സജ്ജമാക്കും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ വലിയ പൊതുസമ്മേളനങ്ങള്‍ നടത്താനും പദ്ധതിയുണ്ട്.

അടുത്തവര്‍ഷം മേയ് മാസത്തോടെ സിനിമാഭിനയം നിര്‍ത്തി പാര്‍ട്ടി രൂപവത്കരണ പ്രവര്‍ത്തനമാരംഭിക്കാന്‍ നീക്കങ്ങള്‍ നടത്തുന്ന വിജയ്, 2025 തുടക്കംമുതല്‍ പ്രചാരണം നടത്താനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ കൂടാതെ കാഞ്ചീപുരം, തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി, മധുര, കോയമ്പത്തൂര്‍, സേലം തുടങ്ങിയ നഗരങ്ങളില്‍ വലിയ സമ്മേളനങ്ങള്‍ നടത്തി പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കുകയും പാര്‍ട്ടിയുടെ നയങ്ങളും ലക്ഷ്യങ്ങളും ജനങ്ങളിലെത്തിക്കുകയുംചെയ്യും. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ് വിജയിയുടെ ഉപദേശകനെന്നാണ് സൂചന.

രാഷ്ട്രീയ പ്രവേശനം വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടനുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍. താലൂക്ക് തലങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി വരുകയാണ് ഇവര്‍. വിവിധ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വിജയ് പണം നല്‍കുന്നതിനുപകരം ഓരോ യൂണിറ്റുകളും സ്വന്തംനിലയില്‍ ഫണ്ട് കണ്ടെത്തി പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്.

Read Also: 17കാരിയ്ക്ക് 32കാരന്‍ വരന്‍: തൂതയിലേത് സാമ്പത്തികനില മുതലെടുത്ത് നടന്ന വിവാഹം; രണ്ട് വര്‍ഷം തടവ് ലഭിക്കുന്ന കുറ്റം

എല്ലാ മണ്ഡലങ്ങളിലും സഹായ പദ്ധതികളാണ് നടപ്പാക്കുന്നത്. പാര്‍ട്ടി രൂപവത്കരണത്തിന് മുമ്പുതന്നെ വിജയ്യുടെ രാഷ്ട്രീയപ്രവേശം ഗ്രാമങ്ങളില്‍പോലും ചര്‍ച്ചയാക്കാനുള്ള ശ്രമങ്ങളും സജീവമാണ്.

Exit mobile version