ജനൽ അടയ്ക്കുന്നതിനെ ചൊല്ലി തർക്കം; പ്രധാനധ്യാപികയെ വളഞ്ഞിട്ട് മറ്റ് അധ്യാപികമാർ; നോക്കി നിന്ന് വിദ്യാർത്ഥികൾ; വീഡിയോ വൈറൽ

പട്ന: വാക്തർക്കത്തിന് പിന്നാലെ സ്‌കൂളിലെ പ്രധാനാധ്യാപികയെ തല്ലിച്ചതച്ച് മറ്റ് അധ്യാപികമാർ. ബിഹാറിലെ കോറിയ പഞ്ചായത്ത് വിദ്യാലയത്തിലാണ് സംഭവം. വിദ്യാർത്ഥികൾ ചുറ്റും നിൽക്കുന്നതിനിടെയായിരുന്നു സ്രഹപ്രവർത്തകർ ക്രൂരമായി മർദിച്ചത്.

സ്‌കൂളിലെ ജനൽ അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് അധ്യാപകരോട് വിശദീകരണം തേടിയിട്ടുണ്ട്.

സ്‌കൂളിലെ ജനലുകൾ അടയ്ക്കുന്നതിനെ ചൊല്ലി ആരംഭിച്ച തർക്കം പിന്നീട് കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. പ്രധാനധ്യാപിക അധ്യാപികമാരെ ശാസിച്ചതാണ് തർക്കത്തിന് കാരണമായതെന്നാണ് സൂചന. ക്ലാസ് മുറിയിൽ നടന്ന യോഗത്തിനിടെയായിരുന്നു സംഭവം.

ALSO READ- സഹപ്രവർത്തകർ ഒരുക്കിയ വിരമിക്കൽ സൽക്കാരത്തിന് എത്തിയതിനിടെ കുഴഞ്ഞുവീണു; മിനി ടീച്ചറുടെ വിയോഗത്തിൽ കണ്ണീർ
അധ്യാപികമാരിൽ ഒരാൾ പ്രധാനാധ്യാപികയോട് തട്ടിക്കയറുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ പുറത്തേക്ക് ഓടിയ പ്രധാനാധ്യാപികയെ പിന്തുടർന്നെത്തി ചെരിപ്പൂരി അടിക്കുകയുമായിരുന്നു. പിന്നാലെ മറ്റ് അധ്യാപികമാരും എത്തി പ്രധാനാധ്യാപികയെ കൈയ്യേറ്റം ചെയ്തു. തല്ല് സ്‌കൂൾ കെട്ടിടത്തിന് പുറത്തെത്തിയതോടെയാണ് വിദ്യാർത്ഥികളും കാഴ്ചക്കാരായത്.


ആക്രമണത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ സംഭവമറിഞ്ഞത്. സ്‌കൂളിലുണ്ടായ സംഭവത്തിൽ രണ്ട് അധ്യാപികമാരോട് വിശദീകരണം ചോദിച്ചതായും അന്വേഷണത്തിന് ശേഷം ഇവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നവേഷ് കുമാർ അറിയിച്ചിട്ടുണ്ട്.

Exit mobile version