കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി: ഡി.കെ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച

ബംഗളൂരു: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ അടുത്ത മുഖ്യമന്ത്രിയാകും. ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമാകും. ആറ് സുപ്രധാനവകുപ്പുകളും ഡികെയ്ക്ക് നല്‍കാന്‍ തീരുമാനമായി. ഒറ്റ പദവി നിബന്ധനയിലും ഇളവ് നല്‍കുന്നതോടെ ഡികെ പിസിസി അധ്യക്ഷ സ്ഥാനത്തും തുടരും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് അന്തിമ തീരുമാനമായത്.

ശനിയാഴ്ചയാകും സിദ്ധരാമയ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഔദ്യോഗികമായി പ്രഖ്യാപിക്കും. വൈകുന്നേരം ഏഴിന് ബംഗളുരുവില്‍ നിയമസഭാകക്ഷി യോഗം ചേരും.

ഈ മാസം 20ന് ബെംഗളൂരുവില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബംഗളൂരുവില്‍ ചേരുന്ന നിയമസഭാകക്ഷി യോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും. മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കാണ് ഹൈക്കമാന്റിന്റെ ഇടപെടലോടെ പരിഹാരമായത്.

സിദ്ധരാമയ്യ ആദ്യ രണ്ടര വര്‍ഷവും ശേഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് വിവരമുണ്ട്. കര്‍ണാടക മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. ബുധനാഴ്ച നടന്ന ചര്‍ച്ചകള്‍ക്കിടെ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ഇന്നുണ്ടായേക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഡി കെ ശിവകുമാറിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ നീക്കം പാളുകയായിരുന്നു.

Exit mobile version