ആര്യൻ ഖാനെ കേസിൽ കുടുക്കാതിരിക്കാൻ ചോദിച്ചത് 25 കോടി, ഒടുവിൽ 18 കോടിക്ക് കരാർ; എൻസിബി ഓഫീസർ സമീർ വാംഖഡെ കുടുങ്ങിയതിങ്ങനെ

മുംബൈ: നടൻ ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽനിന്ന് ഒഴിവാക്കാനായി എൻസിബി മുംബൈ സോൺ മുൻ മേധാവി സമീർ വാംഖഡെ അടക്കമുള്ളവർ ഖാൻ കുടുംബത്തോട് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന്. ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാനായി പണം ആവശ്യപ്പെട്ടതായി സിബിഐയുടെ എഫ്‌ഐആർ പറയുന്നു.

കേസിൽ പെടുത്താതിരിക്കാൻ 25 കോടി രൂപ നൽകണമെന്നും അല്ലെങ്കിൽ ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കില്ലെന്നും ഷാരൂഖിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.

25 കോടി എന്നത് പിന്നീട് 18 കോടി രൂപയാക്കി കുറച്ച് ഇടപാട് ഉറപ്പിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സമീർ വാംഖഡെയ്ക്ക് പുറമേ എൻസിബി ഉദ്യോഗസ്ഥരായ വിശ്വവിജയ് സിങ്, ആശിഷ് രഞ്ജൻ, ആര്യൻഖാൻ കേസിലെ സാക്ഷിയായ കെപി ഗോസാവി, ഇയാളുടെ കൂട്ടാളി സാൻവില്ലെ ഡിസൂസ എന്നിവരാണ് ഈ കേസിലെ പ്രതികൾ.

ALSO READ- ട്രെയിനിലെ ആക്രമണം സ്ത്രീകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്; കുത്തിയത് കുപ്പികൊണ്ടെന്ന് പരിക്കേറ്റ ദേവദാസ്; പ്രതി സിയാദ് സ്ഥിരം കുറ്റവാളി

ലഹരിമരുന്ന് കൈവശംവെച്ച സംഭവത്തിൽ ആര്യൻ ഖാനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 25 കോടി രൂപ വാങ്ങാനാണ് ഇവർ ശ്രമിച്ചത്. ഇത് പിന്നീട് 18 കോടി രൂപയായി നിശ്ചയിച്ചു. ഇതിന്റെ ഭാഗമായി 50 ലക്ഷം രൂപ ടോക്കണായി കൈപ്പറ്റി. കെപി ഗോസാവിയും കൂട്ടാളി സാൻവില്ലെ ഡിസൂസയുമാണ് ടോക്കൺ തുകയായ 50 ലക്ഷം രൂപ വാങ്ങിയത്. ഈ തുകയിൽനിന്ന് ഒരു ഭാഗം പിന്നീട് ഇവർ തിരികെ നൽകിയെന്നും എഫ്‌ഐആറിൽ പറയുന്നു.

അതേസമം, സിബിഐ വാംഖഡെയുടെ വീട്ടിൽ റെയ്ഡ് നടത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. സമീർ വാംഖഡെയുടെ വിദേശയാത്രകളെ സംബന്ധിച്ചും അദ്ദേഹം വിലകൂടിയ വാച്ചുകൾ വാങ്ങിയത് സംബന്ധിച്ചും എഫ്‌ഐആറിൽ പറയുന്നുണ്ട്. എന്നാൽ, ഇതിനായുള്ള സാമ്പത്തിക ശ്രോതസ് വെളിപ്പെടുത്താൻ വാംഖഡെയ്ക്ക് സാധിച്ചിട്ടില്ല.

ALSO READ- നടീ-നടന്മാർ പലരും മയക്കുമരുന്നിന് അടിമകൾ; കള്ളപ്പണം വെളുപ്പിക്കാനാണ് സിനിമ എടുക്കുന്നത്; നല്ല സിനിമകളുമില്ല; വിമർശിച്ച് ജി സുധാകരൻ

ഇതിനിടെ, താൻ ഒരു രാജ്യസ്നേഹിയായതിനാലാണ് ഇത്തരത്തിൽ ശിക്ഷിക്കപ്പെടുന്നതെന്നായിരുന്നു സമീർ വാംഖഡെയുടെ പ്രതികരണം. 18 സി.ബി.ഐ. ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. 12 മണിക്കൂറോളം പരിശോധന നീണ്ടെന്നും 23,000 രൂപയും വസ്തുവകകളുമായി ബന്ധപ്പെട്ട നാല് രേഖകളുമാണ് അവർക്ക് കിട്ടിയതെന്നുമാണ് സമീർ വാംഖഡെ പറയുന്നത്. ഈ സ്വത്തുക്കളെല്ലാം സർവീസിൽ കയറുന്നതിന് മുമ്പുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Exit mobile version