‘ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നില്ല’; ആമിർ ഖാന്റെ മകന്റെ ആദ്യചിത്രത്തിന് ഒടുവിൽ പ്രദർശനാനുമതി

ഏറെ വിവാദങ്ങൾക്ക് ഒടുവിൽ യഷ് രാജ് ഫിലിംസിന്റെ ‘മഹാരാജ്’ എന്ന ഹിന്ദി സിനിമയ്ക്ക് നെറ്റ്ഫ്ളിക്സ് വഴി പ്രദർശിപ്പിക്കുന്നതിന് ഗുജറാത്ത് ഹൈക്കോടതിയുടെ അനുമതി. ഈ ചിത്രം വൈഷ്ണവവിഭാഗക്കാരെ അപകീർത്തിപ്പെടുത്തുന്നതാണ് ചൂണ്ടിക്കാണിച്ച് നൽകിയ പരാതി ജസ്റ്റിസ് സംഗീത വിഷേൻ തള്ളിയതോടെയാണ് പ്രദർശനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

നടൻ ആമിർഖാന്റെ മകൻ ജുനൈദ് ഖാന്റെ ആദ്യചിത്രമാണ് മഹാരാജ്. സിനിമ മതവികാരം വ്രണപ്പെടുത്തുമെന്ന പരാതിയെത്തുടർന്ന് പ്രദർശനം ജൂൺ 13-ന് ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. കഴിഞ്ഞദിവസം ജഡ്ജി സിനിമകണ്ടതോടെയാണ് പ്രാഥമികമായി ഒരുസമുദായത്തിന്റെയും വികാരം വ്രണപ്പെടുന്ന ഒന്നും സിനിമയിലില്ലെന്ന് കോടതിക്ക് ബോധ്യമായത്.

ഒരു വൈഷ്ണവൻ തന്നെയായ കർസൻഭായ് മുൾജി സാമൂഹികതിന്മകൾക്കുനേരേ നടത്തുന്ന പോരാട്ടമാണ് കഥാതന്തുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. 1862ലെ ഒരു അപകൂർത്തിക്കേസുമായി ബന്ധപ്പെട്ടതാണ് സിനിമ. ജദുനാഥജിക്കുനേരേ കർസൻഭായ് മുൾജി തന്റെ മാസികയിൽ ലൈംഗികാരോപണമുന്നയിച്ചിരുന്നു. ഇതിനെതിരെ ജദുനാഥജി അപകീർത്തിക്കേസ് നൽകി. എന്നാൽ, അന്നത്തെ ബ്രിട്ടീഷ് കോടതി മുൾജി നിരപരാധിയെന്ന് വിധിച്ചു. ഈ വിധിയിൽ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തിയെന്നും സിനിമയും ആ പാത പിന്തുടരുന്നുവെന്നും ആയിരുന്നു പരാതി.
ALSO READ- കൊടിക്കുന്നിലിനെ പ്രതിപക്ഷ നേതാവാക്കൂ; പ്രോടേം സ്പീക്കർ ആക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധിക്കേണ്ടത് ഇങ്ങനെയാണ്: പരിഹസിച്ച് കെ സുരേന്ദ്രൻ
പക്ഷേ, സിനിമ കേസിലേക്ക് നയിച്ച സംഭവങ്ങളെ ആസ്പദമാക്കിയാണെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. 2013-ൽ സൗരഭ് ഷാ എഴുതിയ പുസ്തകമാണ് അവലംബം. 1862-ലെ കേസിനുശേഷവും വൈഷ്ണവസമ്പ്രദായം വളരുകയാണ് ഉണ്ടായതെന്ന് കോടതി വിധിയിൽ പറഞ്ഞു.

Exit mobile version