അയോഗ്യനാക്കിയത് കാരണം ഉണ്ടാകുന്ന നഷ്ടമെന്താണ്? അത് പരിഹരിക്കാൻ കഴിയാത്ത നഷ്ടമല്ല; രാഹുൽ ഗാന്ധി കുറ്റക്കാരനായ വിധിക്ക് സ്‌റ്റേയില്ല

ന്യൂഡൽഹി: അപകീർത്തി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സൂറത്ത് സെഷൻസ് കോടതി. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെടുന്നതും, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്തതും കാരണം ഉണ്ടാകുന്ന നഷ്ടം എന്താണെന്ന് രാഹുൽ ഗാന്ധിക്ക് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് സൂറത്ത് സെഷൻസ് കോടതി വിധിയിൽ പറയുന്നു.

എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം പരിഹരിക്കാൻ കഴിയാത്ത നഷ്ടമല്ലെന്നും അഡീഷണൽ സെഷൻസ് ജഡ്ജ് ആർപി മോഗെര പറഞ്ഞു. 27 പേജുകളുള്ള ഉത്തരവാണ് അഡീഷണൽ സെഷൻസ് ജഡ്ജ് ആർപി മോഗെര പുറത്തിറക്കിയത്.

രാഹുൽ കുറ്റക്കാരനാണെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ലെങ്കിൽ ലോക്സഭാ അംഗത്വം നഷ്ടപ്പെടുന്നതും വയനാട്ടിൽ വീണ്ടും തെരഞ്ഞെടുപ്പ് വരുമെന്നും രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ ഈ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് സെഷൻസ് ജഡ്ജി വ്യക്തമാക്കി.

ALSO READ- രണ്ടാമത്തെ ട്രയൽ റണ്ണിൽ തിരൂരിൽ നിർത്താതെ വന്ദേഭാരത്; സ്‌റ്റോപ്പ് ഒഴിവാക്കിയോ എന്ന് ആശങ്ക; മറുപടി നൽകി റെയിൽവേ

രാഹുൽ ഗാന്ധി സാധാരണ വ്യക്തിയല്ലെന്നും രാജ്യത്തെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയുടെ നേതാവായ അദ്ദേഹത്തിന്റെ പരാമർശങ്ങൾക്ക് സാധാരണക്കാരിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിക്കും. ഉയർന്ന തലത്തിൽ ഉള്ള ധാർമികതയാണ് രാഹുൽ ഗാന്ധിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ജഡ്ജി വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Exit mobile version