‘ഹിന്ദുക്കളെ പകല്‍വെളിച്ചത്തില്‍ മാനഭംഗം ചെയ്തപോലെ’; ശബരിമല സ്ത്രീ പ്രവേശനത്തില്‍ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഹെഗ്‌ഡെ

കേരള സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്തതു ഹിന്ദുക്കളെ പകല്‍ വെളിച്ചത്തില്‍ മാനഭംഗപ്പെടുത്തിയതു പോലെയാണെന്നു കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയ സംഭവത്തില്‍ രൂക്ഷമായ വാക്കുകളില്‍ പ്രതികരണം രേഖപ്പെടുത്തി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. കേരള സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്തതു ഹിന്ദുക്കളെ പകല്‍ വെളിച്ചത്തില്‍ മാനഭംഗപ്പെടുത്തിയതു പോലെയാണെന്നു കേന്ദ്രമന്ത്രി പറഞ്ഞു. രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നു സംഗപരിവാര്‍ സംസ്ഥാനത്ത് അതിക്രമം അഴിച്ചുവിടുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ വിദ്വേഷ പരാമര്‍ശവും.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഇടതുപക്ഷം എന്നിവരുടെ നിലപാടുകള്‍ കാരണം കേരളമാകെ ഇപ്പോള്‍ ആശയക്കുഴപ്പത്തിലായിരിക്കുന്നു. സുപ്രീംകോടതി വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടുണ്ട്. അത് അംഗീകരിക്കുന്നു. പക്ഷേ ക്രമസമാധാനം സംസ്ഥാനത്തിന്റെ ചുമതലയാണ്. അതുകൊണ്ടു ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കാത്ത രീതിയില്‍ നയതന്ത്രപരമായി വിഷയം കൈകാര്യം ചെയ്യണമായിരുന്നു അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. ഹിന്ദു ജനങ്ങളെ പകല്‍വെളിച്ചത്തില്‍ മാനഭംഗപ്പെടുത്തുകയാണ് ഇതെന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ ആരോപിച്ചു.

നേരത്തേ കര്‍ണാടകയില്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ച ദളിത് പ്രക്ഷോഭകരെ റോഡില്‍ കുരയ്ക്കുന്ന പട്ടികളെന്നാണു ഹെഗ്‌ഡെ വിശേഷിപ്പിച്ചത്.

Exit mobile version