‘ജോഡോ താടി’ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധി; കേംബ്രിജ് യൂണിവേഴ്‌സിറ്റിയില്‍ പുതിയ ലുക്കില്‍

ന്യൂഡല്‍ഹി: നീട്ടി വളര്‍ത്തിയ താടിയും മുടിയും മുറിച്ച് പുതിയ ലുക്കില്‍
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനിലെ കേംബ്രിജ് യൂണിവേഴ്‌സിറ്റിയില്‍.
കേംബ്രിജ് യൂണിവേഴ്‌സിറ്റിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് രാഹുല്‍ ലുക്ക് മാറ്റിയത്.

കന്യാകുമാരിയില്‍ നിന്നു ഭാരത് ജോഡോ യാത്ര ആരംഭിച്ച ശേഷമാണ് രാഹുല്‍ താടിയും മുടിയും വളര്‍ത്തിയത്. യാത്രയ്ക്കിടയില്‍ ദിവസവും ഷേവ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും സമയക്കുറവുമായിരുന്നു പ്രശ്‌നം. ഭാരത് ജോഡോ തുടങ്ങുന്നതിന് മുന്‍പുവരെ ക്ലീന്‍ ഷേവ് ചെയ്തിരുന്നു. എന്നാല്‍ പുതിയ ലുക്കില്‍ ക്ലീന്‍ ഷേവിന് പകരം താടിയും മുടിയും വെട്ടിയൊതുക്കുകയാണ് ചെയ്തത്. വെള്ള ടീഷര്‍ട്ടിന് പകരം സ്യൂട്ടും ടൈയ്യും ധരിച്ചിട്ടുണ്ട്.

2022 സെപ്റ്റംബര്‍ 7ന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര 4,080 കിലോമീറ്റര്‍ പിന്നിട്ട് കശ്മീരിലാണ് അവസാനിച്ചത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി. യാത്ര അവസാനിച്ചിട്ടും താടിയുംമുടിയും മുറിക്കാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. പാര്‍ലമെന്റിലും കഴിഞ്ഞ ദിവസങ്ങളില്‍ റായ്പുരില്‍ നടന്ന പ്ലീനറി സമ്മേളനത്തിലും രാഹുല്‍ ‘ജോഡോ താടിയിലാണ്’ എത്തിയത്.

കേംബ്രിജ് ജഡ്ജ് ബിസിനസ് സ്‌കൂളില്‍ പ്രഭാഷണം നടത്താനാണ് അദ്ദേഹം എത്തിയത്. ബിഗ് ഡേറ്റ ആന്‍ഡ് ഡെമോക്രസി എന്ന വിഷയത്തില്‍ രാഹുല്‍ പ്രഭാഷണം നടത്തുമെന്ന് നേരത്തേ കേംബ്രിജ് യൂണിവേഴ്‌സിറ്റി അറിയിച്ചിരുന്നു. ഇന്ത്യാ-ചൈന ബന്ധവും ആഗോള ജനാധിപത്യവും എന്നീ വിഷയത്തിലും പ്രഭാഷണം നടത്തുമെന്ന് പിന്നീട് അറിയിച്ചു. 2

Exit mobile version