വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് ബിജെപി എംപി: തേജസ്വി സൂര്യ മാപ്പ് പറഞ്ഞെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ചെന്നൈ: പറന്നുയരുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ അടിയന്തിര വാതില്‍ തുറന്ന് വിവാദത്തിലായി ബിജെപി എംപിയും യുവമോര്‍ച്ച നേതാവുമായ തേജസ്വി സൂര്യ.
തേജസ്വി സൂര്യയെ ന്യായീകരിച്ച് എത്തിയിരിക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും തേജസ്വി സൂര്യ ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തിയെന്നും മന്ത്രി പറഞ്ഞു.

‘വസ്തുതകള്‍ പരിശോധിക്കേണ്ടത് പ്രധാനമാണ്. എല്ലാ പരിശോധനകളും കഴിഞ്ഞ് വിമാനത്തിന് പറന്നുയരാനുള്ള അനുമതി ലഭിച്ച ശേഷം റണ്‍വേയില്‍ വെച്ച് അദ്ദേഹം വാതില്‍ തുറക്കുകയായിരുന്നു. അബദ്ധം സംഭവിച്ചതില്‍ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു’, ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ഒരു മാസം മുമ്പ് ചെന്നൈ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം നടന്നത്. ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോവാനൊരുങ്ങുകയായിരുന്ന വിമാനം നീങ്ങി തുടങ്ങുമ്പോള്‍ അടിയന്തിര വാതില്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷമാണ് വിമാനം പുറപ്പെട്ടത്.

അടിയന്തിര വാതില്‍ തുറന്നയാള്‍ മാപ്പ് അഭ്യര്‍ത്ഥിച്ച സാഹചര്യത്തില്‍ ഇന്‍ഡിഗോ നടപടി സ്വീകരിച്ചിരുന്നില്ല. അതേസമയം ‘ഡിസംബര്‍ 10 ന് ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടാനിരുന്ന 6E 7339 വിമാനത്തില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന്‍ ബോര്‍ഡിംഗ് പ്രക്രിയക്കിടെ വിമാനം ടാറിംഗില്‍ ആയിരിക്കുമ്പോള്‍ അബദ്ധത്തില്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നു’വെന്നാണ് കഴിഞ്ഞ ദിവസം ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നത്.

Read Also: അച്ഛനെ ഹൃദയാഘാതം കവര്‍ന്നു, അമ്മ കൊലക്കത്തിക്കിരയായി: വിനീതയുടെ മക്കള്‍ക്ക് സ്‌നേഹവീടൊരുക്കി സിപിഎം

‘നടപടിയില്‍ യാത്രക്കാരന്‍ ഉടന്‍ ക്ഷമാപണം നടത്തി. തുടര്‍ന്ന് എസ്ഒപി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം) അനുസരിച്ചുള്ള പരിശോധനകള്‍ നടത്തിയ ശേഷമാണ് വിമാനം പുറപ്പെട്ടത്.’ എന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി. എന്നാല്‍ യാത്രക്കാരന്റെ പേര് പുറത്ത് വിടാന്‍ ഇന്‍ഡിഗോ തയ്യാറായില്ല. തീരുമാനിച്ചതിലും രണ്ട് മണിക്കൂര്‍ വൈകിയാണ് വിമാനം യാത്ര ആരംഭിച്ചത്.

Exit mobile version