കർഷകൻ കുഴഞ്ഞുവീണു മരിച്ചു; എന്നിട്ടും പൊതുയോഗം തുടർന്ന് ബിജെപി എംപി സിന്ധ്യ; കടുത്ത വിമർശനം

ഭോപ്പാൽ: മധ്യപ്രദേശിലെ ബിജെപി നേതാവും രാജ്യസഭാ എംപിയുമാ ജ്യോതിരാദിത്യ സിന്ധ്യ പങ്കെടുത്ത പൊതുയോഗത്തിനിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു. കർഷകന്റെ മരണശേഷവും ചടങ്ങ് നിർത്താതെ തുടർന്നതിൽ ബിജെപി നേതാക്കൾക്കെതിരെ കോൺഗ്രസ് രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. കാണ്ട്‌വ ജില്ലയിലെ മുണ്ടിയിലാണ് സംഭവമുണ്ടായത്.

ഞായറാഴ്ച നടന്ന പാർട്ടി യോഗത്തിൽ പങ്കെടുക്കാനെത്തിയ ചന്ദ്പൂർ ഗ്രാമവാസിയായ ജിവാൻ സിങ്ങ് (70) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ചടങ്ങിനിടെ ആരോഗ്യനില മോശമായി കസേരയിലേക്ക് കുഴഞ്ഞുവീണ ജിവാൻ സിങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മരണകാരണം ഹൃദയാഘാതമാണെന്ന് പോലീസ് അറിയിച്ചു.

പ്രാദേശിക ബിജെപി നേതാക്കൾ സംസാരിക്കുന്നതിനിടെയാണ് കർഷകൻ കുഴഞ്ഞുവീണ് മരിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അൽപസമയം കഴിഞ്ഞ് വേദിയിലേക്കെത്തിയ ജ്യോതിരാദിത്യ സിന്ധ്യ മരണവിവരം അറിഞ്ഞപ്പോൾ കർഷകന് ആദരാഞ്ജലി അർപ്പിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അതേസമയം, കർഷകൻ മരിച്ചിട്ടും ബിജെപി അവരുടെ പൊതുയോഗം തുടർന്ന ബിജെപിയുടെ മാനസികാവസ്ഥയും മനുഷ്യത്വവും ഇതാണോ എന്ന് കോൺഗ്രസ് നേതാവ് അരുൺ യാദവ് ചോദിച്ചു. ബിജെപിയും ജ്യോതിരാദിത്യ സിന്ധ്യയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കർഷകർക്കെതിരെ നിസ്സംഗത തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version