‘കോണ്‍ഗ്രസ് തനിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു, കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി മുന്‍കൂട്ടി കാണാന്‍ സാധിച്ചതിനാല്‍ താന്‍ അത് നിരസിച്ചു’; ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍: കോണ്‍ഗ്രസ് തനിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ. ഗ്വാളിയോര്‍-ചമ്പാല്‍ മേഖലയില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ബിജെപിയുടെ അംഗത്വ ക്യാമ്പയിനില്‍ സംസാരിക്കവേയാണ് ജ്യോതിരാദിത്യ സിന്ധ്യ ഈ കാര്യം വെളിപ്പെടുത്തിയത്. കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി എന്താകുമെന്ന് മുന്‍കൂട്ടി കാണാന്‍ സാധിച്ചതിനാല്‍ താനത് നിരസിക്കുകയായിരുന്നുവെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ജനങ്ങളെ സേവിക്കുന്ന ആളാണ്, അല്ലാതെ കസേര മോഹിക്കുന്ന ആളല്ല, പദവി മോഹിക്കുന്ന ആളുമല്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഞാന്‍ ആ ക്ഷണം സ്വീകരിച്ചേനെ’ എന്നാണ് സിന്ധ്യ പറഞ്ഞത്. കമല്‍നാഥിന്റേയും ദ്വിഗ്വിജയ് സിങിന്റേയും പേരെടുത്ത് പറഞ്ഞാണ് സിന്ധ്യ തനിക്കെതിരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങളോട് പ്രതികരിച്ചത്.

അതേസമയം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും അത്തരത്തിലൊരു വാഗ്ദാനം ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രിയാക്കാത്തതില്‍ പരാതിപ്പെട്ട ആളാണ് സിന്ധ്യയെന്നുമാണ് കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം തലവന്‍ നരേന്ദ്ര സലുജ വ്യക്തമാക്കിയത്. എംഎല്‍എമാരുടെ യോഗത്തില്‍ കേവലം പത്തൊമ്പത് പേരാണ് സിന്ധ്യയെ പിന്തുണച്ചതെന്നും സലൂജ കൂട്ടിച്ചേര്‍ത്തു.

Exit mobile version