കാറപകടത്തില്‍ പെട്ട ഋഷഭ് പന്ത് അപകടനില തരണം ചെയ്തു; ഡിവൈഡറിലിടിച്ച് കാര്‍ നിമിഷ നേരം കൊണ്ട് തീ ഗോളമായി; താരത്തിന്റെ രക്ഷ അത്ഭുതകരം; വീഡിയോ

ന്യൂഡല്‍ഹി: കാറില്‍ സഞ്ചരിക്കവെ ഇന്ന് പുലര്‍്ചചെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ താരം ഓടിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.

ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിലാണ് പന്തിന്റെ വീട്. മാതാപിതാക്കളെ കാണുന്നതിനായാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത് തന്റെ കാറുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. യാത്ര പാതിയിലെത്തി നില്‍ക്കെ ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയില്‍ വെച്ച് താരത്തിന്റെ കാര്‍ ഡിവൈഡറിലിടിക്കുകയായിരുന്നു.

മെഴ്സിഡസിന്റെ ജിഎല്‍ഇ കാറാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഏകദേശം 5.30 ഓടെയാണ് അപകടമുണ്ടായത്. ഡിവൈഡറിലിടിച്ച വാഹനം മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തീഗോളമായി മാറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയത് ഏവരേയും ഞെട്ടിക്കുകയാണ്.

also read- ഹജ്ജ് നിര്‍വഹിക്കാന്‍ കാല്‍നടയായി പാകിസ്താന്‍ കടക്കാന്‍ അനുവദിക്കണം; ശിഹാബ് ചോറ്റൂരിനായി പാക് പൗരന്‍ സുപ്രീംകോടതിയില്‍

അപകടമുണ്ടായ ഉടനെ തന്നെ കാറിന്റെ ചില്ലുപൊട്ടിച്ചാണ് പന്തിനെ രക്ഷപ്പെടുത്തിയിരുന്നു. കാര്‍ ഓടിക്കുന്നതിനിടെ താരം ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം ഗുരുതരമായി പൊള്ളലേല്‍ക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത പന്ത് അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. നിലവില്‍ ഡെഹ്റാദൂണിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയിലാണ് താരം.

അതേസമയം, ഭാഗ്യം കൊണ്ട് മാത്രമാണ് താരം രക്ഷപ്പെട്ടതെന്ന് ഹരിദ്വാര്‍ എസ്പി സ്വപ്ന് കിഷോര്‍ സിങ് വ്യക്തമാക്കി. ദേശീയ പാത 58-ല്‍ നര്‍സനിന്റെയും മംഗ്ലൗറിന്റെയും ഇടയില്‍ വെച്ചാണ് അപകടം നടന്നതെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version