1,400 ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ആന്ധ്ര സര്‍ക്കാര്‍: ഓരോ ക്ഷേത്രത്തിനും 10 ലക്ഷം രൂപ

അമരാവതി: സംസ്ഥാനത്ത് 1,400 ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള കര്‍മ്മ പദ്ധതിക്ക് തുടക്കമിട്ട് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ സഹായത്തോടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. ആര്‍എസ്എസുമായി ബന്ധമുള്ള സമരസത സേവാ ഫൗണ്ടേഷന്‍ (എസ്എസ്എഫ്) എന്ന എന്‍ജിഒയുമായി സഹകരിച്ചായിരിക്കും ക്ഷേത്രങ്ങളുടെ നിര്‍മാണം.

1,060 ക്ഷേത്രങ്ങളുടെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഏറ്റെടുക്കുമെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ മാധ്യമങ്ങളോട് പറഞ്ഞു. 330 ഓളം ക്ഷേത്രങ്ങളുടെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ ഹിന്ദുമത സന്നദ്ധ സംഘടന സമരസത സേവാ ഫൗണ്ടേഷന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷത്തിനകം പുതിയ ക്ഷേത്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ക്ഷേത്രത്തിന്റെയും നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപ ചെലവഴിക്കും. ക്ഷേത്ര നിര്‍മ്മാണത്തിന് എട്ട് ലക്ഷം രൂപയും വിഗ്രഹ നിര്‍മ്മാണത്തിന് രണ്ട് ലക്ഷം രൂപയുമാണ് അനുവദിക്കുക.

Read Also: വിദ്യാര്‍ഥികളുടെ അതിരുവിട്ട ഫുട്‌ബോള്‍ ആരാധന: 66,000 രൂപ പിഴ, 11 പേരുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

നാട്ടുകാരുടെയും ഭക്തരുടെയും പിന്തുണ സഹായവും സ്വീകരിക്കും. ക്ഷേത്ര നിര്‍മാണം കരാറുകാരെ ഏല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തികള്‍ നേരിട്ട് നിരീക്ഷിക്കാന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (FCC) റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കും.

വെങ്കിടേശ്വര ക്ഷേത്രമാണെങ്കില്‍ വിഗ്രഹങ്ങളുടെ ചെലവ് തിരുപ്പതി ക്ഷേത്രം ഏറ്റെടുക്കും. മറ്റ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ 25 ശതമാനം സബ്സിഡിയില്‍ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.

സര്‍ക്കാര്‍ അനുവദിച്ച ഗ്രാന്റിനപ്പുറം കൂടുതല്‍ തുക സമാഹരിക്കാന്‍ തയാറായാല്‍ ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക സംഘങ്ങളെ ഏല്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, എന്‍ഡോവ്മെന്റ് വകുപ്പ് തയ്യാറാക്കിയ ക്ഷേത്ര രൂപരേഖയില്‍ മാത്രമേ നിര്‍മിക്കാന്‍ അനുവാദമുണ്ടാകൂവെന്നും സത്യനാരായണ പറഞ്ഞു.

Exit mobile version