ഭാര്യ ഭൂരിഭാഗം സമയത്തും ഇന്‍സ്റ്റാഗ്രാമില്‍: യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ചെന്നൈ: സമൂഹ മാധ്യമം അമിതമായി ഉപയോഗിക്കുന്നെന്ന് ആരോപിച്ച് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയായ ചിത്ര (38) യെയാണ് ഭര്‍ത്താവ് അമൃതലിംഗം (38) കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

സേലം നഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികള്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ടിക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും റീലുകള്‍ പങ്കിടുന്ന ശീലം ചിത്രയ്ക്ക് ഉണ്ടായിരുന്നു. ഇത് കാരണം ഇരുവരും തമ്മില്‍ പലതവണ വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. ചിത്ര സമൂഹമാധ്യമങ്ങളില്‍ വളരെയധികം സമയം ചെലവഴിക്കുന്നുവെന്ന് അമൃതലിംഗത്തിന് പരാതി ഉണ്ടായിരുന്നു.

അഭിനയലോകത്ത് ഒരു കരിയര്‍ ഉണ്ടാക്കാന്‍ ചിത്ര തീരുമാനിച്ചിരുന്നു. ഇതിനായി രണ്ട് മാസം മുമ്പ് ചെന്നൈയിലേക്ക് പോയ ചിത്ര കഴിഞ്ഞയാഴ്ച മകളുടെ വിവാഹത്തിനായി തിരുപ്പൂരില്‍ തിരിച്ചെത്തുകയായിരുന്നു. വിവാഹത്തിന് ശേഷം ചെന്നൈയിലേക്ക് മടങ്ങാന്‍ ഭര്‍ത്താവ് സമ്മതിക്കാതിരിക്കുകയും ഇതിന്റെ പേരില്‍ വഴക്കുണ്ടാവുകയും ചെയ്തു.

തുടര്‍ന്ന് അമൃതലിംഗം ചിത്രയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെട്ട ശേഷം മകളെ വിളിച്ച് ചിത്രയെ താന്‍ മര്‍ദ്ദിച്ചന്ന് അറിയിക്കുകയായിരുന്നു. മകള്‍ വീട്ടിലെത്തിയതോടെയാണ് മരണ വിവരം അറിയുന്നത്.

Exit mobile version