‘സാനിറ്ററി നാപ്കിന്‍ ചോദിച്ചത് തെറ്റല്ല, എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ്’: ഐഎഎസ് ഉദ്യോഗസ്ഥയുടെ അധിക്ഷേപത്തില്‍ വിദ്യാര്‍ഥിനി

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ നല്‍കണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥ തന്നെ അധിക്ഷേിച്ച സംഭവത്തില്‍ വിശദീകരണവുമായി വിദ്യാര്‍ഥിനി. എന്നാല്‍ താന്‍ ചോദിച്ചത് ശരിയായ ചോദ്യമാണ്. ഞാന്‍ ചോദിച്ചത് എനിക്ക് വേണ്ടി മാത്രമല്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണെന്നും പെണ്‍കുട്ടി പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് വളരെ മോശമായിട്ടാണ് ഉദ്യോഗസ്ഥ പ്രതികരിച്ചത്. ഇന്ന് പാഡ് ചോദിക്കും, നാളെ കോണ്ടം വേണമെന്ന് പറയും എന്നാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ പറഞ്ഞത്.

‘(സാനിറ്ററി പാഡുകളെപ്പറ്റി) എന്റെ ചോദ്യം തെറ്റായിരുന്നില്ല. അതൊരു വലിയ കാര്യമല്ല. എനിക്ക് വാങ്ങാന്‍ കഴിയും. പക്ഷേ ചേരികളില്‍ താമസിക്കുന്ന പലര്‍ക്കും വാങ്ങാന്‍ പണമില്ല. ഞാന്‍ ചോദിച്ചത് എനിക്ക് വേണ്ടി മാത്രമല്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ്. ഞങ്ങളുടെ ആശങ്ക അറിയിക്കാനാണ് പോയത്. അല്ലാതെ വഴക്കുണ്ടാക്കാനല്ല’- റിയ കുമാരി എന്ന വിദ്യാര്‍ഥിനി

ബിഹാറിലാണ് സംഭവം. യൂനിസെഫുമായി സഹകരിച്ച് സംഘടിപ്പിച്ച സംസ്ഥാനതല ശില്‍പശാലയിലാണ് ഉദ്യോഗസ്ഥ വിദ്യാര്‍ഥിനിയോട് ക്രൂരമായി പെരുമാറിയത്. സൗജന്യ സൈക്കിളും യൂണിഫോമും നല്‍കുന്ന സര്‍ക്കാര്‍ സൗജന്യ സാനിറ്ററി നാപ്കിന്‍ നല്‍കുന്ന കാര്യവും പരിഗണിക്കണമെന്നാണ് റിയ എന്ന വിദ്യാര്‍ഥിനി അഭ്യര്‍ഥിച്ചത്.

‘ഇത്തരം സൗജന്യങ്ങള്‍ക്ക് പരിധിയില്ല. സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ധാരാളം നല്‍കുന്നു. ഇന്ന് നിങ്ങള്‍ക്ക് സൗജന്യമായി ഒരു പാക്കറ്റ് നാപ്കിന്‍ വേണം. നാളെ നിങ്ങള്‍ക്ക് ജീന്‍സും ഷൂസും വേണം. പിന്നീട് കുടുംബാസൂത്രണത്തിന്റെ ഘട്ടം വരുമ്പോള്‍ നിങ്ങള്‍ സൗജന്യമായി ഗര്‍ഭനിരോധന ഉറകളും വേണമെന്ന് ആവശ്യപ്പെടും’- എന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി.

Exit mobile version