നായയെ കാറില്‍ കെട്ടി വലിച്ച് നടുറോഡിലൂടെ വണ്ടി ഓടിച്ചു; ഡോക്ടര്‍ക്ക് എതിരെ വ്യാപക പ്രതിഷേധം

ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ കാറില്‍ നായയെ കെട്ടിവലിച്ച് വണ്ടിയോടിച്ച ഡോക്ടര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നീളമുള്ള കയര്‍ നായുടെ കഴുത്തില്‍ കെട്ടി അറ്റം കാറില്‍ കൊരുത്താണ് ഇയാള്‍ കാര്‍ ഓടിച്ചു പോകുന്നത്. നായയെ വലിച്ച് ഇഴച്ച് തിരക്കേറിയ റോഡിലൂടെ കാറോടിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഈ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ കാറിനെ പിന്തുടര്‍ന്ന യാത്രക്കാരനാണ് വിഡിയോ ചിത്രീകരിച്ചത്. ഒടുവില്‍ ഒരു യാത്രക്കാരന്‍ കാറിന് മുന്നില്‍ തന്റെ ബൈക്ക് നിര്‍ത്തി ക്രൂരത തടയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് നായക്ക് വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.

ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തു. കാര്‍ ഓടിച്ചുപോകുന്നയാള്‍ പ്രദേശത്തെ ഡോക്ടറാണെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തവര്‍ പറയുന്നുണ്ട്. രജനീഷ് ഗ്വാല എന്ന ഡോക്ടറാണ് ഈ ക്രൂരത ചെയ്തതെന്നാണ് വിവരം.

നായുടെ കാലിന് ഒടിവുണ്ടെന്നു ഡോഗ് ഹോം ഫൗണ്ടേഷന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നും നെറ്റിസണ്‍സ് ആവശ്യപ്പെടുന്നു.

Exit mobile version