അപകടത്തിൽ പരിക്കേറ്റ 23കാരന് നൽകിയത് എബി പോസിറ്റീവിന് പകരം ഒ പോസിറ്റീവ് രക്തം; സർക്കാർ ആശുപത്രിയിലെ അനാസ്ഥയിൽ ദാരുണമരണം

ജയ്പുർ: അപകടത്തിൽ പരിക്കേറ്റ യുവാവിന് ആശുപത്രിയിൽ വെച്ച് രക്തം മാറി നൽകിയതിനെ തുടർന്ന് ദാരുണമരണം. രാജസ്ഥാനിലെ ജയ്പൂരിൽ സർക്കാർ ആശുപത്രിയായ സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിലാണ് സംഭവം. രക്തം മാറി നൽകിയതിന് പിന്നാലെ 23കാരനായ ബാൻഡികുയി സ്വദേശി സച്ചിൻ ശർമയാണ് മരണപ്പെട്ടത്.

റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലെ ട്രോമ സെന്ററിൽ ചികിത്സയ്ക്ക് എത്തിച്ചതായിരുന്നു യുവാവിനെ. ചികിത്സയ്ക്കിടെ ഒരു വാർഡ് ബോയ് സച്ചിന് ആവശ്യമായ എ ബി പോസിറ്റീവ് രക്തത്തിന് പകരം ഒ പോസിറ്റീവ് രക്തം മാറി നൽകുകയായിരുന്നു. വിഷയം അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും എസ്എംഎസ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

ALSO READ- ‘പണം നല്‍കുമ്പോള്‍ തിരികെ തരാം’: ബൈജൂസിലെ ടിവി എടുത്തുകൊണ്ടുപോയി ബൈജൂസിലെ വിദ്യാര്‍ഥിയും പിതാവും

രക്തം മാറി നൽകിയതിനെ തുടർന്ന് രോഗിയുടെ രണ്ട് വൃക്കകളും തകരാറിലായതാണ് മരണത്തിന് കാരണമായത്. വാർഡ് ബോയിയുടെ അശ്രദ്ധമൂലം ഗുരുതരാവസ്ഥയിലായ സച്ചിൻ അധികം വൈകാതെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ യുവാവിന്റെ കുടുംബമോ ആശുപത്രി അധികൃതരോ പരാതിപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Exit mobile version