‘ക്ലാസ്സിലെത്തി പഠിക്കാത്തവരെ എഞ്ചിനീയര്‍ എന്ന് വിളിക്കാന്‍ കഴിയില്ല’ : പഞ്ചാബ്-ഹരിയാന ഹൈക്കോടതി

Punjab HC | Bignewslive

ചണ്ഡീഗഢ് : ക്ലാസ്സിലെത്തി പഠിക്കാത്തവരെ എഞ്ചിനീയറെന്ന് വിളിക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വിദൂര പഠനത്തിലൂടെ സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രി കരസ്ഥമാക്കിയ ആള്‍ക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പോസ്റ്റിലേക്ക് സ്ഥാനക്കയറ്റം നല്‍കിയ ഹരിയാന പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്റെ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

“നേരിട്ട് ക്ലാസ്സിലെത്തിയോ പ്രാക്ടിക്കല്‍ ട്രെയിനിംഗ് നേടിയോ പഠിക്കാത്തവരെ എഞ്ചിനീയറെന്ന് വിളിക്കാനാവില്ല. എഞ്ചിനീയറിംഗില്‍ തിയററ്റിക്കല്‍ ഭാഗങ്ങള്‍ പ്രാക്ടിക്കലായി ചെയ്ത് നോക്കിയാണ് പഠിക്കുന്നത്. ക്ലാസ്സിലെത്തി പ്രാക്ടിക്കലുകള്‍ ചെയ്യാതെ ഡിഗ്രി എടുത്തവരെ എങ്ങനെ എഞ്ചിനീയറെന്ന് വിളിക്കും. ഇത്തരം ഡിഗ്രികള്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ നേടുന്നത് കണ്ടില്ലെന്ന് വെച്ചാല്‍ ഭാവിയില്‍ എംബിബിഎസ് വിദൂരവിദ്യാഭ്യാസത്തിലൂടെ നേടുന്ന സ്ഥിതിയും ഉണ്ടാകും. അങ്ങനെ വിദ്യാഭ്യാസം നേടിയ ഒരാള്‍ രോഗികളെ പരിശോധിക്കുന്നത് ഒന്നാലോചിച്ച് നോക്കൂ. രാജ്യത്തിന്റെ അടിസ്ഥാന ഘടന രൂപപ്പെടുത്തുന്നതില്‍ എഞ്ചിനീയര്‍മാര്‍ക്കുള്ള പങ്ക് വലുതാണ്. പ്രായോഗിക കാര്യങ്ങളിലുള്ള അറിവില്ലായ്മ വലിയ അപകടത്തിലേക്ക് നയിക്കും”. ജസ്റ്റിസ് അനുപിന്ദര്‍ സിംഗ് ഗ്രേവാള്‍ അധ്യക്ഷനായുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.

വിനോദ് റാവല്‍ എന്നയാളെയാണ് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി നിയമിച്ചത്. ജെആര്‍എന്‍ രാജസ്ഥാന്‍ വിദ്യാപീഠ് യൂണിവേഴ്‌സിറ്റിയിലായിരുന്നു ഇയാളുടെ പഠനം. ഈ സ്ഥാപനത്തിന് യുജിസി, എഐസിടി അംഗീകാരമില്ല.

Exit mobile version