ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെ വേണമെന്ന് മാട്രിമോണിയല്‍ സൈറ്റില്‍ നിബന്ധന : വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി യുവ എഞ്ചിനീയര്‍ പീഡിപ്പിച്ചത് പന്ത്രണ്ടോളം യുവതികളെ

Rape | Bignewslive

മുംബൈ : മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി പന്ത്രണ്ടോളം യുവതികളെ ലൈംഗികമായി പീഡിപ്പിച്ച യുവ എഞ്ചിനീയര്‍ അറസ്റ്റില്‍. മുംബൈ മലാദ് സ്വദേശി മഹേഷ് എന്ന കിരണ്‍ ഗുപ്തയെ (32) ആണ് നവി മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയായിരുന്നു ഇയാള്‍ പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ചിരുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെണ്‍കുട്ടി വേണമെന്നായിരുന്നു ഇയാളുടെ നിബന്ധന. ഇത്തരത്തില്‍ പരിചയപ്പെടുന്ന പെണ്‍കുട്ടികളുമായി പബ്ബിലോ റസ്റ്ററന്റിലോ മാളിലോ വെച്ച് മീറ്റിംഗ് നടത്തും. ഇത്തരം മീറ്റിംഗുകളിലായിരുന്നു ഇയാള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്.

ഓരോ പീഡനത്തിന് ശേഷവും ഇയാള്‍ ഫോണ്‍ നമ്പറുകള്‍ മാറ്റും. അതിനാല്‍ തന്നെ യുവതികള്‍ക്ക് ഇയാളെ പിന്നീട് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ച്ചയായി ഫോണ്‍ നമ്പറുകളും ലൊക്കേഷനുകളും മാറ്റും എന്നതിനാല്‍ കഴിഞ്ഞ നാല് മാസമായി ഇയാളെ കുടുക്കാനായി പോലീസും തത്രപ്പെടുകയായിരുന്നു.യാത്രകള്‍ക്കായി ടാക്‌സി ബുക്ക് ചെയ്യാന്‍ പോലും ഇയാള്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉപയോഗിച്ചിരുന്നില്ല.

കുറച്ച് നാള്‍ മുമ്പ് വരെ ഇയാള്‍ ഹാക്കറായി ജോലി നോക്കിയിരുന്നു. കംപ്യൂട്ടറിലുള്ള പരിജ്ഞാനവും ഇയാളെ ഒരു പരിധി വരെ കുറ്റം പിടിക്കപ്പെടാതിരിക്കാന്‍ സഹായിച്ചു.മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ഇയാള്‍ പല പ്രമുഖ കമ്പനികളിലും ജോലി നോക്കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Exit mobile version