തെരുവുനായ കുറുകെച്ചാടി; ബൈക്ക് മറിഞ്ഞ് പരിക്കേറ്റ എഞ്ചിനീയർക്ക് ദാരുണമരണം; പരിക്കേറ്റ ഭർത്താവ് ചികിത്സയിൽ

ഷൊർണൂർ: യാത്രയ്ക്കിടെ തെരുവുനായ കുറുകെച്ചാടി ബൈക്ക് മറിഞ്ഞ് പരിക്കേറ്റ എഞ്ചിനിയർ മരിച്ചു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സി. എഞ്ചിനിയർ ഷൊർണൂർ വികാസിന് സമീപം അൽ അമൽവീട്ടിൽ ജുവൈന (46) യാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കോടിച്ചിരുന്ന ഭർത്താവ് തൃശ്ശൂർ എഞ്ചിനീയറിങ് കോളേജിലെ അധ്യാപകൻ അബ്ദുൾജമാലിന് നിസാര പരിക്കേറ്റു.

ജുവൈനയ്ക്ക് ഷൊർണൂർ നഗരസഭയിലെ എഞ്ചിനീയറുടെ ചുമതലകൂടിയുണ്ട്. ഞായറാഴ്ചരാവിലെ വീട്ടിൽനിന്ന് ചെറുതുരുത്തിയിൽപ്പോയി മടങ്ങുന്നതിനിടെയാണ് എസ്എംപി കവലയ്ക്ക് സമീപത്തെ റെയിൽവേ മേൽപ്പാലത്തിനിടുത്ത് വെച്ച് അപകടം സംഭവിച്ചത്.

തലയ്ക്ക് പരിക്കേറ്റ ജുവൈനയെ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ രാത്രി പത്തോടെയാണ് മരിച്ചത്.

മൃതദേഹ പരിശോധനയ്ക്കുശേഷം ഷൊർണൂരിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് വെച്ചശേഷം ജുവൈനയുടെ ഈരാറ്റുപേട്ട ഈറ്റിലകയം പേഴങ്ങാട്ടിൽ വീട്ടിലേക്ക് കൊണ്ടുപോയി. ഈരാറ്റുപേട്ട നൈനാർ ജുമാമസ്ജിദിലാണ് ഖബറടക്കമെന്ന് ബന്ധുക്കൾ പറഞ്ഞു. മക്കൾ: ജിയ, ജമിയ.

പി മമ്മിക്കുട്ടി എംഎൽഎ, നഗരസഭാധ്യക്ഷൻ എംകെ ജയപ്രകാശ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

Exit mobile version