വാഹനം നിർത്താൻ ആവശ്യപ്പെട്ട പോലീസുകാരനെ ഇടിച്ച് ബോണറ്റിൽ കയറ്റി ഒരു കിലോമീറ്ററോളം കൊണ്ടുപോയി കാർ ഡ്രൈവർ; പ്രോത്സാഹിപ്പിച്ച് ഭാര്യ; ഒടുവിൽ സംഭവിച്ചത്

ജയ്പൂർ: വാഹനം പരിശോധിക്കാനായി നിർത്താൻ ആവശ്യപ്പെട്ട പോലീസുകാരനെ ഇടിച്ചുകൊലപ്പെടുത്താൻ ശ്രമം. രാജസ്ഥാനിലാണ് സംഭവം. വാഹനം നിർത്താൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ഡ്രൈവർ മനഃപൂർവ്വം ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലേക്ക് വീണ പോലീസ് ഉദ്യോഗസ്ഥനെയും വഹിച്ച് കാർ ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും ചെയ്തു. വഴിമധ്യ ബൈക്ക് കുറുകെ വന്നതിനെ തുടർന്ന് കാർ നിർത്തേണ്ടി വന്നതേടെയാണ് ട്രാഫിക് കോൺസ്റ്റബിളിന്റെ ജീവൻ രക്ഷിക്കാൻ സഹായകരമായത്.

രാജസ്ഥാനിലെ ജോധ്പൂരിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കോൺസ്റ്റബിൾ ഗോപാൽ ബിഷ്ണോയിയെയാണ് കാർ ഓടിക്കുന്നയാൾ ആക്രമിച്ചത്. കാർ ഡ്രൈവറായ ഗജേന്ദ്രയെയും കൂടെ യാത്ര ചെയ്തിരുന്ന ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ കാറിലുണ്ടായിരുന്ന ഭാര്യ ഭർത്താവിനെ പിന്തിരിപ്പിക്കാൻ തയ്യാറായില്ലെന്ന് പോലീസ് പറയുന്നു.

ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് ഗോപാൽ ബിഷ്‌ണോയിക്ക് നേരെ കാർ പാഞ്ഞെത്തിയത്. കാറിനകത്ത് ഗജേന്ദ്രയും ഭാര്യയും സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ഗോപാൽ കാർ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. കാറിന്റെ മുന്നിലേക്ക് കയറിനിന്ന് വാഹനം നിർത്താൻ ആവശ്യപ്പെട്ട ഗോപാലിനെ വാഹനം നിർത്തുന്നു എന്ന മട്ടിൽ വേഗത കുറച്ച് തെറ്റിദ്ധരിപ്പിച്ച ശേഷം വാഹനം പെട്ടെന്ന് മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ALSO READ- കടുത്ത നെഞ്ചുവേദന സഹിച്ച് സ്വയം സ്‌കൂട്ടറോടിച്ച് ആശുപത്രിയിലെത്തി; രക്ഷിക്കാനുള്ള ശ്രമത്തിനിടെ മത്സ്യവ്യാപാരിക്ക് ദാരുണമരണം

ഇതോടെ കാറിന് മുന്നിൽ നിൽക്കുകയായിരുന്ന ഗോപാലിനെ വാഹനം ഇടിക്കുകയും അദ്ദേഹം ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലേക്ക് വീഴുകയുമായിരുന്നു. തുടർന്ന് ഗോപാലിനെ വഹിച്ച് ഒരു കിലോമീറ്റർ ദൂരമാണ് കാർ സഞ്ചരിച്ചത്.

ALSO READ- മൂന്നു മക്കളെ ഉപേക്ഷിച്ച് ഷഹന മൂന്ന് മക്കളുടെ പിതാവായ സജിമോനോടൊപ്പം ഒളിച്ചോടി; ഇരുവരേയും പിടികൂടി പോലീസ്; റിമാൻഡിൽ

വൈപ്പറിൽ പിടിച്ച് കിടന്നത് കാരണമാണ് ഗോപാലിന് ജീവൻ തിരിച്ചുകിട്ടിയതെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ, ബൈക്ക് എതിരെ വന്നതിനെ തുടർന്ന് ഗത്യന്തരമില്ലാതെ കാർ നിർത്തുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മറ്റു പോലീസുകാർ ദമ്പതികളെ അറസ്റ്റ് ചെയ്തു.

Exit mobile version