കനത്ത ചൂട് : ബംഗാളില്‍ ദാണ്ഡ മഹോത്സവത്തിനെത്തിയ 3 പേര്‍ മരിച്ചു, നൂറോളം പേര്‍ ആശുപത്രിയില്‍

കൊല്‍ക്കത്ത : കനത്ത ചൂടില്‍ പശ്ചിമ ബംഗാളില്‍ ദാണ്ഡ മഹോത്സവത്തിനെത്തിയ മൂന്ന് പേര്‍ മരിച്ചു. അറുപത് വയസ്സിന് മുകളിലുള്ള രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ചൂട് മൂലമുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ പാനിഹട്ടിയിലുള്ള ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പതിനഞ്ചാം നൂറ്റാണ്ടിലെ സന്യാസിയായിരുന്ന ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ സ്മരണാര്‍ഥമുള്ള ഉത്സവം കോവിഡ് മൂലം രണ്ട് വര്‍ഷത്തിന് ശേഷമാണ് നടക്കുന്നത്. അതിനാല്‍ തന്നെ മേള കാണാന്‍ വന്‍ ജനത്തിരക്കുമായിരുന്നു. കനത്ത ചൂടില്‍ മൂന്ന് പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. എന്നാല്‍ മരണസംഖ്യ അഞ്ച് ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെത്തുടര്‍ന്ന് മേള നിര്‍ത്തിവെച്ചു. പരിസരത്ത് നിരവധി മെഡിക്കല്‍ ക്യാമ്പുകളും തുറന്നിട്ടുണ്ട്.

സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മരിച്ചവര്‍ക്ക് അനുശോചനമറിയിച്ചു. പരിക്കേറ്റവര്‍ക്ക് എല്ലാ സഹായങ്ങളും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version