73.5 ലക്ഷം നികുതി കുടിശ്ശിക; നടന്‍ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ജിഎസ്ടി വകുപ്പ് മരവിപ്പിച്ചു

ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്കുകളിലെ അക്കൗണ്ടുകളാണ് ജിഎസ്ടി വകുപ്പ് മരവിപ്പിച്ചിരിക്കുന്നത്

ഹൈദരാബാദ്: നികുതി കൃത്യമായി അടയ്ക്കാത്തതിനെ തുടര്‍ന്ന് തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ജിഎസ്ടി വകുപ്പ് മരവിപ്പിച്ചു. ഹൈദരാബാദ് ജിഎസ്ടി കമ്മീഷണര്‍ വാര്‍ത്താ കുറിപ്പിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്. 2007-2008 സാമ്പത്തിക വര്‍ഷത്തില്‍ മഹേഷ് ബാബു നികുതി കുടിശ്ശിക വരുത്തിയെന്നാണ് കണ്ടെത്തല്‍.

നികുതിയിനത്തില്‍ 18.5 ലക്ഷം രൂപയാണ് മഹേഷ് ബാബുവിന് അടയ്ക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് പലിശ ചേര്‍ത്ത് 73.5 ലക്ഷം രൂപയായി. താരത്തിന്റെ ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്കുകളിലെ അക്കൗണ്ടുകളാണ് ജിഎസ്ടി വകുപ്പ് മരവിപ്പിച്ചിരിക്കുന്നത്.

ആക്സിസ് ബാങ്കില്‍ നിന്ന് 42 ലക്ഷം രൂപയും ഐസിഐസിഐ ബാങ്കില്‍ നിന്ന് ബാക്കിയുള്ള തുക ഈടാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. നികുതി കുടിശ്ശിക തീര്‍ക്കാതെ ഇനി മഹേഷ് ബാബുവിന് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കുകയില്ല.

Exit mobile version