കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു

ടൊറന്റോ : കാനഡയിലെ ഷെര്‍ബൗണില്‍ വ്യാഴാഴ്ചയുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഗാസിയാബാദ് സ്വദേശി കാര്‍ത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്. പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്ന റസ്റ്ററന്റിലേക്ക് പോകാനിറങ്ങവേ വെടിയേല്‍ക്കുകയായിരുന്നു.

കവര്‍ച്ച ശ്രമത്തിനിടെ പോലീസും മോഷ്ടാക്കളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. പോലീസിന് നേരെ മോഷ്ടാക്കള്‍ വെടിയുതിര്‍ക്കുകയും അബദ്ധത്തില്‍ കാര്‍ത്തിക്കിനേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജനുവരിയിലാണ് മാനേജ്‌മെന്റ് പഠനത്തിനായി കാര്‍ത്തിക് കാനഡയിലെത്തുന്നത്. അടുത്ത ബന്ധുവിനൊപ്പമായിരുന്നു താമസം. സംഭവ ദിവസം ഏറെ വൈകിയിട്ടും കാര്‍ത്തിക് വീട്ടിലെത്താഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിച്ചപ്പോഴാണ് വെടിവെയ്പ്പിനെ പറ്റി വിവരം ലഭിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ടൊറന്റോയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മരണത്തില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അനുശോചനം രേഖപ്പെടുത്തി.

Exit mobile version