സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി: ആംബുലന്‍സിന് പിറകെ ഓടി ആശുപത്രിയിലെത്തി കുതിര; മാതൃകയായി സഹോദരസ്‌നേഹം

കൂടെപിറപ്പുകളെയും അച്ഛനെയും അമ്മയെയും വളരെ കൊലപ്പെടുത്തുന്ന കാലത്ത് കൂടെപിറപ്പിനോടുള്ള ആത്മാര്‍ഥ സ്‌നേഹത്തിന്റെ മാതൃകയായി കുതിരകള്‍. മൃഗങ്ങള്‍ക്കും തങ്ങളുടെ കൂടെപിറപ്പിനോട് സ്‌നേഹത്തിന് കുറവില്ല. അത് വ്യക്തമാക്കുന്ന വീഡിയോയാണ് സൈബര്‍ ലോകത്ത് നിറയുന്നത്.

രണ്ട് കുതിരകളുടെ ആത്മാര്‍ഥ സ്‌നേഹത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. അസുഖബാധിതയായ തന്റെ സഹോദരിയെ കൊണ്ടുപോകുന്ന ആംബുലന്‍സിന് പിറകെ ഓടുന്ന കുതിരയാണ് മനുഷ്യലോകത്തിന് ഒന്നാകെ മാതൃകയാവുന്നത്.

രാജസ്ഥാനിലെ ഉദയ്പൂര്‍ നഗരത്തിലാണ് വേറിട്ട സംഭവം നടന്നത്. വളര്‍ത്തു കുതിരകളിലൊന്ന് അസുഖബാധിതയായി കിടപ്പിലാണെന്ന വിവരം ഉടമ തന്നെയാണ് ദീന്‍ദയാല്‍ മൃഗാശുപത്രിയില്‍ വിളിച്ചു പറഞ്ഞത്. ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി കുതിരയെ കൊണ്ടുപോകാനായി ആംബുലന്‍സ് അവിടേക്കെത്തി.

അസുഖബാധിതയായ കുതിരയെ ഹോസ്പിറ്റലിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെയാണ് ഡ്രൈവര്‍ മറ്റൊരു പെണ്‍കുതിര ആംബുലന്‍സിനു പിന്നാലെ ഓടി വരുന്നത് കണ്ടത്. ഇതോടെ ആംബുലന്‍സ് ഡ്രൈവര്‍ വാഹനത്തിന്റെ വേഗം കുറച്ചു. റോഡിലുണ്ടായിരുന്നവര്‍ ഏറെ കൗതുകത്തോടെ കുതിരയുടെ യാത്ര മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. 8 കിലോമീറ്ററോളം ദൂരമാണ് കുതിര ആംബുലന്‍സിനു പിന്നാലെ പാഞ്ഞത്.

കുതിരകളുടെ അപൂര്‍വ സ്‌നേഹത്തിന്റെ കഥയറിഞ്ഞ ഹോസ്പിറ്റല്‍ അധികൃതര്‍ രണ്ടു കുതിരകളെയും ഒന്നിച്ചു നിര്‍ത്താന്‍ തീരുമാനിച്ചു. അസുഖ ബാധിതയായ കുതിരയുടെ ചികിത്സകള്‍ പുരോഗമിക്കുകയാണെന്നും പിന്തുടര്‍ന്നെത്തിയ കുതിരയെ അവിടെത്തന്നെ തുടരാന്‍ അനുവദിച്ചതായും അധികൃതര്‍ വ്യക്തമാക്കി. മൃഗങ്ങളുടെ സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ല എന്നതിന് ഉദാഹരണമാണ് ഇതെന്ന് ആനിമല്‍ എയ്ഡ് സൊസൈറ്റി വക്താവായ ഡോ.ജിതേന്ദ്ര ശാസ്ത്രി പറഞ്ഞു. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് മനംകവരുന്ന വീഡിയോ പങ്കുവച്ചത്.

Exit mobile version