‘സഹപ്രവര്‍ത്തകരുടെ ചലഞ്ച് ഏറ്റെടുത്തു’: കുതിരപ്പുറത്തേറി കോടതിയിലെത്തി അഭിഭാഷകന്‍

ഹരിപ്പാട്: കുതിരപ്പുറത്തേറി കോടതിയിലേക്കെത്തി അഭിഭാഷകന്‍. ഹരിപ്പാട് കോടതിയിലെ അഭിഭാഷകന്‍ കെ ശ്രീകുമാറാണ് സഹപ്രവര്‍ത്തകരുടെ ചലഞ്ച് ഏറ്റെടുത്ത് കുതിരപ്പുറത്തേറി വന്നത്.

വ്യാഴാഴ്ചയാണ് ശ്രീകുമാര്‍ കുതിരപ്പുറത്ത് സവാരി നടത്തി സഹപ്രവര്‍ത്തകരെയും കോടതി ജീവനക്കാരെയും വിസ്മയിപ്പിച്ചത്.

കരുവാറ്റ സ്വദേശിയായ അഡ്വ. ശ്രീകുമാര്‍ ഏകദേശം 5 കിലോമീറ്ററോളം ദൂരം ദേശീയപാതയിലൂടെ കുതിരപ്പുറത്ത് സവാരി ചെയ്താണ് ശ്രീകുമാര്‍ കോടതിയിലെത്തിയത്.

കോടതി പരിസരത്ത് കെട്ടിയ കുതിര പിണക്കമൊന്നുമില്ലാതെ വൈകുന്നേരം വരെ അവിടെ നിന്നു. വൈകുന്നേരവും ശ്രീകുമാര്‍ കുതിരപ്പുറത്ത് തന്നെയാണ് വീട്ടിലേക്ക് മടങ്ങിയത്.

രണ്ടുവര്‍ഷം മുമ്പ് കുതിര സവാരി നടത്താന്‍ ശ്രീകുമാര്‍ എറണാകുളത്ത് പരിശീലനം നേടിയിരുന്നു. അതിനായി കുതിരയേയും വാങ്ങി. എന്നാല്‍ കോവിഡ് വ്യാപനവും ലോക്ഡൗണും ഒക്കെ വന്നതോടെ കുതിരയെ നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. പിന്നീട് ഈ കുതിരയെ വിറ്റിരുന്നു.

പിന്നീട് മൂന്നു മാസം മുമ്പാണ് പുളിക്കീഴ് സ്വദേശിയില്‍ നിന്നും നാലു വയസ്സ് പ്രായമുള്ള ഹെന്നി എന്ന പെണ്‍കുതിരയെ സ്വന്തമാക്കിയത്. ശ്രീകുമാര്‍ ദിവസവും ശരാശരി മൂന്നു കിലോമീറ്ററോളം കുതിരപ്പുറത്ത് വീടിന് സമീപത്ത് സവാരി നടത്തിയിരുന്നു.

സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കഴിഞ്ഞദിവസം കോടതിയില്‍ കുതിരപ്പുറത്ത് എത്തിയത്.

Exit mobile version