റേഞ്ച് കിട്ടാതായതോടെ ഫോണില്‍ പുതിയ സിം കാര്‍ഡ് ഇട്ടു: അക്കൗണ്ടിലെ 64 ലക്ഷം രൂപയും പോയി

ജയ്പൂര്‍: മൊബൈല്‍ ഫോണില്‍ പുതിയ സിം കാര്‍ഡുകള്‍ ഇട്ടതോടെ അക്കൗണ്ടില്‍നിന്നു അരലക്ഷത്തിലധികം രൂപ കാണാതായി. ജയ്പൂരിലെ രാകേഷ് തടുക്ക (68) എന്ന ബിസിനസുകാരനാണ് പുതിയ സിം കാര്‍ഡെടുത്ത ശേഷം അക്കൗണ്ടില്‍ നിന്നും
64 ലക്ഷം രൂപ നഷ്ടപ്പെട്ടത്.

രാകേഷിന്റെയും സുഹൃത്തിന്റെയും മൊബൈല്‍ സിം കാര്‍ഡ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് ഇരുവരും അതേ നമ്പറുകളില്‍ പുതിയ സിം കാര്‍ഡെടുത്തു. രണ്ടുദിവസം കഴിഞ്ഞ് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഇരുവരും ഞെട്ടിപ്പോയി! തങ്ങളുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 64 ലക്ഷം രൂപ കാണാനില്ല, ഫോണ്‍ ഹാക്ക് ചെയ്താവാം സൈബര്‍ മോഷണസംഘം പണം തട്ടിയതെന്ന് സംഭവത്തില്‍ കേസെടുത്ത ജയ്പൂര്‍ സിറ്റി പോലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് രാകേഷ് തടുക്കയുടെ മൊബൈല്‍ ഫോണിന് റെയ്ഞ്ച് നഷ്ടപ്പെട്ടു. തന്റെ ബിസിനസ്സ് പങ്കാളിയുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഫോണിലും ഇതേ തകരാര്‍ ഉള്ളതായി അറിഞ്ഞു. ഇരുവരും അടുത്ത ദിവസം ടെലികോം കമ്പനിയുടെ ഓഫിസ് സന്ദര്‍ശിച്ചു.

സിം തകരാര്‍ ആയതാണെന്നും പുതിയ സിം വാങ്ങിയാല്‍ പരിഹരിക്കാമെന്നും കമ്പനി സ്റ്റാഫ് പറഞ്ഞതിനെ തുടര്‍ന്ന് പുതിയ സിം വാങ്ങി. ഇവരുടെ പഴയ നമ്പറില്‍ തന്നെയാണ് രണ്ട് പുതിയ സിം കാര്‍ഡുകളും ലഭിച്ചത്.

പിന്നീട് ഓണ്‍ലൈന്‍ ബാങ്കിങ് ആപ്പ് വഴി സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാന്‍ തുനിഞ്ഞപ്പോള്‍ ലോഗിന്‍ ചെയ്യാനായില്ല. രാകേഷ് തടുക്കയുടെ സ്വകാര്യ അക്കൗണ്ടിനും ഇതേ പ്രശ്‌നം നേരിട്ടു. സംശയം തോന്നി ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ ഹെല്‍പ്പ് ലൈനില്‍ വിളിച്ച്, ബാലന്‍സ് അന്വേഷിച്ചപ്പോഴാണ് 64 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ 300 രൂപയും തടുക്കയുടെ അക്കൗണ്ടില്‍ 700 രൂപയുമാണ് ബാക്കിയുണ്ടായിരുന്നത്.

കേസില്‍ അന്വേഷണം നടന്നുവരികയാണെന്നും രണ്ട് മൊബൈല്‍ ഫോണുകളും വിശദമായി പരിശോധിച്ചാല്‍ മാത്രമേ ഹാക്കിങ്ങിനെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. സാങ്കേതിക വിശദാംശങ്ങള്‍ പോലീസ് പരിശോധിക്കുന്നതായി എസ്എച്ച്ഒ സതീഷ് ചന്ദ് പറഞ്ഞു.

‘ഒരേസമയം രണ്ട് മൊബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു സാധ്യതയും തള്ളിക്കളയാനാവില്ല’ -പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Exit mobile version