ഗുരു ഗ്രന്ഥ സാഹിബിന് മുന്നിലെ വാളിൽ തൊടാൻ ശ്രമിച്ചു; സുവർണക്ഷേത്രത്തിൽ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

അമൃത്സർ: പഞ്ചാബിലെ പ്രശസ്തമായ സുവർണ്ണ ക്ഷേത്രത്തിൽ കൊലപാതകം. വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിലുള്ള വാളിൽ തൊടാൻ യുവാവ് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇയാളെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് സംഭവം. 20-നും 25-നും ഇടയിൽ പ്രായമുള്ള യുവാവാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇയാൾ ഉത്തർപ്രദേശിൽ നിന്നുള്ളയാളാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ദിവസേനയുള്ള സായാഹ്ന പ്രാർത്ഥനയ്ക്കിടെയാണ് സുവർണ്ണ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിന്റെ റെയിലിംഗിലൂടെ ഈ യുവാവ് അകത്തേക്ക് ചാടിയെത്തിയത്. ശേഷം ഇയാൾ ക്ഷേത്രത്തിലെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിൽ സൂക്ഷിച്ചിരുന്ന വാളിൽ തൊടാൻ ശ്രമിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായവർ ഇയാളെ തടഞ്ഞു വെക്കുകയും മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ആളുകൾ ഒരാളെ തടയാനായി ഓടുന്നത് ലൈവായി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്നു. പിന്നീടാണ് സംഭവത്തിന് പിന്നാലെ ഇയാൾ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചത്.

അതേസമയം, ഇയാൾ ആരാണെന്നും എന്തിനാണ് അകത്ത് കടന്നതെന്നും സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. എവിടെ നിന്നാണ് വന്നത്, എപ്പോൾ സുവർണ്ണ ക്ഷേത്രത്തിൽ പ്രവേശിച്ചു, ഇയാളുടെ ഒപ്പം എത്ര പേർ ഉണ്ടായിരുന്നു എന്നെല്ലാം കണ്ടെത്താനായി എല്ലാ സിസിടിവി ക്യാമറകളും പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

Also Read-വീട്ടുകാരോട് പിണങ്ങി 14കാരി വീടുവിട്ടിറങ്ങി; നാടാകെ തിരഞ്ഞ് പോലീസും നാട്ടുകാരും വട്ടംചുറ്റുമ്പോൾ തോട്ടത്തിലെ വള്ളിപ്പടർപ്പിനുള്ളിൽ മയങ്ങി പെൺകുട്ടി

സംഭവത്തെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ചന്നി അപലപിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version