വീടിനുള്ളിലെ ഡ്രെയിനേജ് പൈപ്പിനുള്ളില്‍ ലക്ഷങ്ങളുടെ നോട്ടുകളും സ്വര്‍ണ്ണവും: റെയ്ഡില്‍ കണ്ടെത്തിയത് പിഡബ്ല്യുഡി എന്‍ജിനീയറുടെ വന്‍ അഴിമതി

ബംഗളൂരു: കര്‍ണാടകയില്‍ അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡ്രെയിനേജ് പൈപ്പിനുള്ളില്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ പണവും സ്വര്‍ണവും.

കല്‍ബുര്‍ഗി ജില്ലയിലെ പിഡബ്ല്യുഡി എന്‍ജിനീയറുടെ വീട്ടില്‍ നടന്ന റെയ്ഡിലാണ് ചുവരിലെ പൈപ്പുകള്‍ക്കുള്ളില്‍ നിറച്ചുവെച്ച നിലയില്‍ ലക്ഷങ്ങളുടെ നോട്ടുകള്‍ പിടികൂടിയത്. പിഡബ്ല്യുഡി വകുപ്പിലെ ജോയിന്റ് എന്‍ജിനീയറായ ശാന്ത ഗൗഡ ബരാദറിന്റെ വീട്ടിലാണ് അഴിമതി വിരുദ്ധ സംഘം പരിശോധനയ്ക്കെത്തിയത്.

എസിബി എസ്പി മഹേഷ് മേഘനവറുടെ നേതൃത്വത്തിലായിരുന്നുറെയ്ഡ്. പരിശോധന സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചതിനാല്‍ ഉദ്യോഗസ്ഥന്‍ പണം വീട്ടിലെ പൈപ്പിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. പരിശോധനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ശാന്തഗൗഡ തന്റെ ജോലി ദുരുപയോഗം ചെയ്ത് അനധികൃതമായി പണം സമ്പാദിക്കുന്നുണ്ടെന്നും അഴിമതി നടത്തുന്നുണ്ടെന്നും സംശയം തോന്നിയതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു ഉദ്യോഗസ്ഥര്‍ എഞ്ചിനീയറുടെ വീട്ടില്‍ റെയ്ഡിനായി എത്തിയത്.


പരിശോധനയ്ക്കിടെ, പിവിസി പൈപ്പ് മുറിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്ലംബറെ വിളിച്ച് വരുത്തുകയായിരുന്നു. അയാള്‍ എത്തി പൈപ്പ് മുറിച്ചപ്പോള്‍ അതിനുള്ളില്‍ നോട്ടുകെട്ടുകളും സ്വര്‍ണാഭരണങ്ങളും കുത്തിനിറച്ച നിലയിലായിരുന്നു.

13.5 ലക്ഷം രൂപയാണ് ഇത്തരത്തില്‍ കണ്ടെടുത്തത് എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടിനുള്ളിലെ സീലിങ്ങില്‍ നിന്നും ആറ് ലക്ഷം രൂപയും കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

1992 ലാണ് ശാന്തഗൗഡ സര്‍ക്കാര്‍ സര്‍വീസില്‍ കയറിയത്. ഇയാളുടെ മുഴുവന്‍ സ്വത്ത് വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version