ഓറല്‍ സെക്‌സ് പോക്‌സോ നിയമപ്രകാരം കടുത്ത ലൈംഗിക പീഡനമല്ലെന്ന്‌ അലഹബാദ് ഹൈക്കോടതി : പ്രതിയുടെ ശിക്ഷ വെട്ടിക്കുറച്ചു

അലഹബാദ് : പ്രായപൂര്‍ത്തിയാകാത്തവരെക്കൊണ്ട് ഓറല്‍ സെക്‌സ് ചെയ്യിക്കുന്നത് പോക്‌സോ നിയമപ്രകാരം കടുത്ത ലൈംഗിക പീഡനമല്ലെന്ന്‌ അലഹബാദ് ഹൈക്കോടതി. പത്ത് വയസുകാരനെ ഓറല്‍ സെക്‌സിന് വിധേയമാക്കി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അപ്പീല്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. കേസില്‍ പ്രതിയ്ക്ക് നല്‍കിയ പത്ത് വര്‍ഷം തടവ് കോടതി ഏഴ് വര്‍ഷമാക്കി വെട്ടിക്കുറയ്ക്കുകയും ചെയ്തു.

പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം ഓറല്‍ സെക്‌സ് പെനട്രേറ്റീവ് ലൈംഗിക പീഡനത്തില്‍ ഉള്‍പ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാവില്ല എന്നാണ് അലഹബാദ് ഹൈക്കോടതി അറിയിച്ചത്.

2018ല്‍ ഝാന്‍സി കോടതിയാണ് പ്രതിക്ക് പത്ത് വര്‍ഷം തടവ് വിധിച്ചത്. പോക്‌സോ ഐപിസി 377, 507 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിന് പുറമേയുള്ള സ്പര്‍ശനം ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് അലഹബാദ് ഹൈക്കോടതി സമാന രീതിയില്‍ റദ്ദാക്കപ്പെടേണ്ട വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

Exit mobile version