എയര്‍ ഇന്ത്യയ്ക്ക് കൊടുക്കാനുള്ളതെല്ലാം ഉടന്‍ കൊടുത്തുതീര്‍ക്കണം: പണം നല്‍കി മാത്രമേ യാത്ര ചെയ്യാവൂ; എല്ലാ വകുപ്പുകളോടും കേന്ദ്രം

ന്യൂഡല്‍ഹി: ടാറ്റയ്ക്ക് വിറ്റ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ കടങ്ങളും കൊടുത്തു തീര്‍ക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും, മന്ത്രാലയങ്ങള്‍ക്കും കേന്ദ്ര ധനകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന് ഇത് കൊടുത്തു തീര്‍ക്കണമെന്നാണ് ധനകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേന്ദ്ര ധനകാര്യമന്ത്രാലയം നേരിട്ട് ഇടപെട്ടാണ് കടങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയുള്ള നിര്‍ദേശം നല്‍കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ പണം നല്‍കി മാത്രമേ യാത്ര ചെയ്യാവൂ എന്ന് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

18,000 കോടി രൂപയ്ക്കാണ് ടാറ്റ എയര്‍ ഇന്ത്യ വാങ്ങിയത്. എയര്‍ ഇന്ത്യയുടെ ആകെയുള്ള കടത്തില്‍ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിന് പണമായിട്ടായിരിക്കും കൈമാറുക.

Exit mobile version